കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെൻഷൻ 3000 രൂപയാക്കുമടക്കം 'അഞ്ചിന ഗ്യാരണ്ടി' പ്രഖ്യാപിച്ചു


 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് രണ്ടാമത്തെ ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ ഓരോ കുടുംബങ്ങൾക്കും സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നതാണ് മൂന്നാം ഗ്യാരണ്ടി. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നതാണ് രാഹുൽ പ്രഖ്യാപിച്ച നാലാമത്തെ ഗ്യാരണ്ടി. മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് എന്നതാണ് അഞ്ചാമത്തെ ഉറപ്പ്. കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ഉദ്ദേശമെന്നും രുഹുൽ വിവരിച്ചു. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് രാഹുലിന്‍റെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തലുകൾ.



സിപിഎമ്മിനും പിണറായി സർക്കാരിനും രൂക്ഷ വിമർശനം

മോദി സർക്കാരിനെയും പിണറായി സർക്കാരിനെയും സി പി എമ്മിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുൽ പ്രസം​ഗം ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തിൽ സി പി എം- ബി ജെ പി കൂട്ടുകെട്ടാണെന്നും പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദിയാണ് നിയന്ത്രിക്കുന്നത്. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇ‍‍ഡി അനങ്ങുന്നില്ല എന്ന ചോദ്യവും രാഹുൽ ഉയർത്തി. തന്നെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തെന്നും രാഹുൽ ഓർമ്മിപ്പിച്ചു. കേരളത്തിൽ സി ജെ പിയാണുള്ളത്. സി പി എം -  ബി ജെ പി കൂട്ടുകെട്ടാണ്. സി പി എമ്മും ബി ജെ പിയും യു ഡി എഫിനെ തോൽപ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്? തൊഴിലാളി താൽപ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല. സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് സി പി എം പേരു മാറ്റണമെന്നും സമാപന സമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം