തലശേരി കലാപത്തിന് പിന്നിൽ സി.പി. എ മ്മാണെന്ന വ്യാജ പ്രചാരണം നടത്തുന്ന കോൺഗ്രസ് സംഘ് പരിവാറിൻ്റെ സയാമിസ് ഇരട്ടിയായി മാറി : എം.വി ജയരാജൻ
കണ്ണൂർ : തലശേരി കലാപത്തിന് പിന്നിൽ ജനസംഘമാണെന്ന ചരിത്ര സത്യം മറച്ചുപിടിക്കുന്ന കോൺഗ്രസ് സംഘപരിവാറിന്റെ സയാമീസ് ഇരട്ടയാണെന്ന് തെളിയിച്ചു കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഎം.വി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
1970 ഡിസംബർ 28 നാ യിരുന്നു തലശ്ശേരി കലാപം അക്കാലത്ത് കേരളത്തിൽ ആഭ്യന്തരമന്ത്രി കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. കലാപം അവസാനിക്കുന്നത് വരെ അഭ്യന്തര മന്ത്രി തലശ്ശേരിയിൽ തിരിഞ്ഞുനോക്കിയില്ല. ഒരാഴ്ചക്ക് ശേഷം വന്നപ്പോഴാവട്ടെ അന്നത്തെ അഭ്യന്തര മന്ത്രി പറഞ്ഞത് " _തലശ്ശേരിയിൽ ഒരു വർഗീയലഹളയും നടന്നിട്ടില്ല. അത് മാർക്സിസ്റ്റുകാർ ഇളക്കിവിട്ട ഒരു രാഷ്ട്രീയ കലാപമായിരുന്നു_ " എന്നായിരുന്നു. അത് പച്ച കള്ളമാണെന്ന് അന്ന് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്. ആ പ്രസ്താവന ഇപ്പോൾ പൊടിതട്ടിയെടുക്കുകയാണ് ഇന്നത്തെ കോൺഗ്രസ് നേതാക്കൾ ചെയ്യുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിനെ പോലെ കോൺഗ്രസും മാറി
തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ മുമ്പാകെ അന്നത്തെ സർക്കാരിനെ പിന്തുണക്കുന്ന ആളുകൾ നൽകിയ മൊഴി മാത്രം ഉദ്ധരിച്ചാണ് സിപിഎമ്മിനെ കോൺഗ്രസുകാർ കുറ്റപ്പെടുത്തുന്നത്. അല്ലാതെ കമ്മീഷന്റെ നിഗമനം അല്ല. തലശേരിയിലെ കലാപം ശാന്തമാക്കാനാണ് കൊടി വെച്ച കാറിൽ സഞ്ചരിച്ച് സി.പി.എം നേതാക്കൾ ആഹ്വാനം ചെയ്തത്.സിപി. എം നേതാക്കളും പ്രവർത്തകരാരും കലാപത്തിൽ പങ്കാളിയായിട്ടില്ലെന്നത് തർക്കമറ്റ കാര്യമാണ്. കൊടികെട്ടിയ കാറിൽ 29ന് വൈകുന്നേരം സിപിഎം നേതാക്കൾ സഞ്ചരിക്കുകയും കലാപം അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്" ചെയ്തത് എന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കോൺഗ്രസുകാർ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ന്യൂനപക്ഷം വേട്ട നടത്തുന്ന ആർഎസ്എസിനെ വെള്ളപൂശുകയും അവരുടെ വോട്ട് സമ്പാദിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ശാഖയ്ക്ക് കാവൽ നിന്ന ഒരു നേതാവിന്റെ പാർട്ടിയാണ് കോൺഗ്രസ് എന്നത് കൊണ്ട് അനുയായികളും അങ്ങനെ ആയിരിക്കുമല്ലോയെന്നും ജയരാജൻ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ അംഗങ്ങൾ വർഗീയ കലാപത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്നത്തെ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കമ്മീഷൻ മുമ്പാകെ സമ്മതിച്ചിട്ടുണ്ട് എന്നാണ് കമ്മീഷൻ നിഗമനത്തിൽ ചൂണ്ടിക്കാട്ടുന്നത്
ജനസംഘത്തിന്റെ പങ്കിനെ കുറിച്ച് കമ്മീഷൻ 88 പേജിൽ വിശദമായി പറയുന്നുണ്ട് ബൽരാജ് മധൂക്ക്, കുൽദീപ് നയ്യാർ എന്നിവരുടെ പുസ്തകങ്ങൾ ഉദ്ധരിച്ച്കൊണ്ട് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത് ജനസംഘത്തിന്റെ സൈനിക വിഭാഗമാണ് ആർഎസ്എസ് എന്നും, രണ്ടു കൂട്ടരും കലാപത്തിന് നേതൃത്വം കൊടുത്തവരാണെന്നുമാണ്. ആർഎസ്എസിനെ പോലെ മുസ്ലിം വിരോധം ജനസംഘത്തിനുമുണ്ട്. മുസ്ലീങ്ങൾ അവരുടെ സ്വന്തം രാജ്യമായ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന് അക്കാലത്ത് ആർഎസ്എസ് തലശ്ശേരിയിൽ വ്യാപകമായി പ്രചരിപ്പിച്ചു. തലശ്ശേരിയിൽ ആർഎസ്എസിന്റെ ശാഖയുടെ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്നാണ് കലാപം ഉണ്ടായതതെന്നും കമ്മീഷൻ ചൂണ്ടി കാട്ടുന്നു. ആർഎസ്എസിന്റെ നേതൃത്വത്തിൽ വീടുകളിൽ അക്രമം നടത്തുകയും സ്വർണ്ണമടക്കമുള്ള സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്തത് ഉൾപ്പെടെ വിശദമായി കമ്മീഷൻ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയ സംഭവത്തിന് തലശ്ശേരി കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന കോൺഗ്രസ്കാരുടെ കണ്ടെത്തൽ പച്ചകള്ളമാണ്. മാങ്ങാട്ടിടം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കെ.പി. അബൂട്ടി നേരത്തെ പറഞ്ഞത് കോൺഗ്രസിന്റെ നേതാക്കൾ മറന്നുപോയോ? കോൺഗ്രസ് നേതാവ് കെ സുധാകരൻ യു.കെ. കുഞ്ഞിരാമനെ കൊലപ്പെടുത്തിയത് കള്ള് ഷാപ്പിലെ തർക്കം മൂലം ആണെന്ന ആക്ഷേപം പരസ്യമായി ഉന്നയിച്ചപ്പോഴാണ് അബൂട്ടിയുടെ പ്രതികരണം വന്നത്. അബൂട്ടി സ്വന്തം അനുഭവത്തിലൂടെയാണ് അന്ന് അങ്ങനെ പറഞ്ഞത്. _"യു.കെ. കുഞ്ഞിരാമൻ മദ്യപിക്കുന്ന ആളല്ല. യു.കെ. കുഞ്ഞിരാമനും മറ്റും ഉണ്ടായിരുന്നില്ലെങ്കിൽ മെരുവമ്പായി പള്ളി ആർഎസ്എസുകാർ തകർക്കുമായിരുന്നു. യു.കെ. കുഞ്ഞിരാമൻ അടക്കമുള്ളവർ ഞങ്ങളുടെ രക്ഷക്കാണ് എത്തിയത്_ ". സത്യം ഇതായിരിക്കെ എന്തിനാണ് ആർഎസ്എസിനെ ന്യായീകരിക്കാൻ വേണ്ടി കോൺഗ്രസിന്റെ നേതാക്കന്മാർ പാടുപെടുന്നത്. തലശ്ശേരി കലാപ സമയത്ത് മെരുവമ്പായി പള്ളി മാത്രമല്ല തലശ്ശേരിയുടെ സമീപപ്രദേശങ്ങളിലും നിരവധി ആരാധനാലയങ്ങളും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന വീടുകളും കടകളും ഉൾപ്പെടെ ആർഎസ്എസ്കാർ അക്രമിച്ചിട്ടുണ്ട്. ആ പദ്ധതി തിരിച്ചറിഞ്ഞപ്പോഴാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഒരു പരസ്യ പ്രസ്താവന അന്ന് നടത്തിയത്. അത് അക്കാലത്ത് മാധ്യമങ്ങളിൽ വന്നിരുന്നു. സിപി.എമ്മിൻ്റെ ആഹ്വാനം പാർട്ടി പ്രവർത്തകന്മാർ " _ആത്മഹത്യാഗം ചെയ്തുപൊലും സാമുദായിക സൗഹാർദം സംരക്ഷിക്കാൻ രംഗത്തിറങ്ങണം_ " എന്നാണ്. ഈ ആഹ്വാനം അനുസരിച്ചാണ് യു.കെ. കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം പ്രവർത്തകന്മാർ മെരുവമ്പായി പള്ളിക്ക് കാവൽ കിടന്നത്. പള്ളി തകർത്താൽ പിന്നീട് ക്ഷേത്രവും തകർക്കപ്പെടും എന്ന് കുഞ്ഞിരാമനും പാർട്ടിക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് പള്ളിക്ക് കാവൽ കിടന്നത്. രണ്ടു നാൾ കാവൽ കിടന്നതിനു ശേഷം വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴിമധ്യേയാണ് ആർഎസ്എസുകാർ കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്. കുഞ്ഞുരാമനോടൊപ്പം പരിക്കുപറ്റിയ ബാലൻ, വത്സൻ, നാണു എന്നിവരും ഉണ്ടായിരുന്നു. അതിൽ നാണുവാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. നാണു പറയുന്നത് എന്താണെന്ന് നമുക്കൊന്ന് കേൾക്കാം.
ഇത്തരത്തിൽ ചരിത്ര വസ്തുതകളെ വളച്ചച്ചൊടിച്ചു കൊണ്ട് പ്രചാരവേല നടത്തുന്ന കോൺഗ്രസ് സംഘപരിവാറിനെ സംരക്ഷിക്കുകയാണ്. തലശ്ശേരി കലാപത്തിൽ വീടുകൾ തകർക്കാൻ വന്നപ്പോൾ അതിനെ സംരക്ഷിക്കാനും ന്യൂനപക്ഷത്തെ സുരക്ഷിതമായി രക്ഷിക്കാനും വേണ്ടി അന്ന് കൊടികെട്ടിയ കാറിൽ സഞ്ചരിച്ച നേതാക്കളിൽ ഒരാളായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തങ്ങൾക്ക് തലശ്ശേരി കലാപ സമയത്ത് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രിയുടെ പരിപാടി സ്ഥലത്ത് വന്ന് പാറപ്പുറത്ത് മുസ്ലിം ജമാഅത്ത് പള്ളി ഭാരവാഹികൾ ഒരു ഉപഹാരം സമർപ്പിച്ചത് കോൺഗ്രസുകാരെ പ്രകോപിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് തലശ്ശേരി കലാപത്തിന് സിപിഎം പ്രവർത്തകരും നേതാക്കളുമാണ് സൂത്രധാരൻമാർ എന്ന പച്ചക്കള്ളം ഇപ്പോൾ പറയുന്നത്. തലശ്ശേരി കലാപത്തെ തുടർന്ന് ദുരിതാശ്വാസ സഹായം നൽകുന്നതിനുവേണ്ടി സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ആ കമ്മിറ്റിയിൽ സിപിഎമ്മിന് പങ്കാളിത്തം നൽകിയില്ല. മാത്രമല്ല അക്കാലത്ത് കോൺഗ്രസ് ആയിരുന്നു അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത്. കോൺഗ്രസുകാർ കൊടുക്കുന്ന ലിസ്റ്റിനെ അടിസ്ഥാനമാക്കിക്കൊണ്ട് പാർട്ടിപ്രവർത്തകന്മാരുടെ പേരിൽ പോലീസ് കള്ളക്കേസ് എടുക്കാൻ തുടങ്ങി. ഈ രണ്ടു കാരണങ്ങളാൽ കരുണാകര ഭരണത്തിൽ നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ സിപിഎം കമ്മീഷൻ പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. അതുകൊണ്ടാണ് കമ്മീഷൻ മുമ്പാകെ സിപിഎമ്മിന്റെ പ്രവർത്തകന്മാർ മൊഴി കൊടുക്കാൻ പോകാതിരുന്നത്. എന്നിട്ട് പോലും കമ്മീഷൻ കലാപത്തിന് ഉത്തരവാദി ജനസംഘം-ആർഎസ്എസ് വിഭാഗത്തിൽ പെട്ടവരാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുകയുണ്ടായി. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷവുമായി അടുത്തുവരുന്നത് കാണുമ്പോൾ ഉള്ള രാഷ്ട്രീയ അസൂയയാണ് ചരിത്ര സത്യത്തെ വളച്ച് ഒടിക്കാൻ കോൺഗ്രസ്കാർ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും എം.വി ജയരാജൻ പറഞ്ഞു.

Comments
Post a Comment