മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കഴിവുകേടിന് കോര്‍പ്പറേഷനെ മറയാക്കുന്നു. എൽ.ഡി.എഫ് സമരം രാഷ്ട്രീയ പ്രേരിതമെന്ന് മേയര്‍ അഡ്വ. പി. ഇന്ദിര

 '


കണ്ണൂർ : കണ്ണൂർ കോർപറേഷൻ എം.എൽ.എ യുടെ വികസനത്തെ തടയുന്നുവെന്ന് ആരോപിച്ച് എൽ.ഡിഎഫ് പ്രഖ്യാപിച്ച കോർപറേഷൻ മാർച്ച് വെറും രാഷ്ട്രീയ നാടകമാണെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര വാർത്താ സമ്മേളനത്തിൽ ആരോപിച്ചു..

കോര്‍പ്പറേഷന്‍ രൂപീകരിച്ച് 10 വര്‍ഷം പൂര്‍ത്തിയായെങ്കിലും ആദ്യത്തെ നാല് വര്‍ഷത്തോളം ഭരണം നടത്തിയത് എല്‍.ഡി.എഫ് ഭരണസമിതിയാണ് നടത്തിയത്. ഈ കാലയളവില്‍ ശരിയായ വീക്ഷണം ഇല്ലായ്മ കൊണ്ടും, വ്യക്തമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാതെയുമാണ്  എല്‍.ഡി.എഫ് ഭരണസമിതി മുന്നോട്ട് പോയത്. ഇതു കോര്‍പ്പറേഷന്‍റെ വികസനത്തെ വലിയതോതില്‍  പിന്നോട്ട് വലിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്. പിന്നീട് വന്ന യു.ഡി.എഫ് ഭരണസമിതികളുടെ വികസന കാഴ്ചപ്പാടുകളാണ് ഇന്ന് കാണുന്ന കോര്‍പ്പറേഷന്‍റെ  വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  ഊര്‍ജ്ജം നല്‍കിയത്.  

എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന രാഷ്ട്രീയ വിവേചനം അതിന്‍റെ പരകോടിയില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ട ഇംപ്ലിമെന്‍റിംഗ് ഓഫീസേര്‍സ്, എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആവശ്യമായ ഉദ്യോഗസ്ഥരെ ലഭ്യമാക്കാതെ, ഉള്ളവരെ പകരം ആള്‍ക്കാരെ തരാതെ സ്ഥലം മാറ്റി നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയാണ്. ആവശ്യമായ അസിസ്റ്റ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരില്ല. അതുകൊണ്ടുതന്നെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. പ്രവൃത്തികള്‍ ഏറ്റെടുക്കാനും ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ബില്ലുകള്‍ തയ്യാറാക്കാനും സാധിക്കുന്നില്ല. മാത്രമല്ല പൂര്‍ത്തീകരിച്ച ബില്ലുകള്‍ തന്നെ ഒരു ലക്ഷത്തിന് മുകളില്‍ ഉള്ളത് ക്യൂവിലേക്ക് മാറ്റുകയാണ്. മാര്‍ച്ച് മാസത്തിന് മുൻപ് തന്നെ അനൗദ്യോഗിക ട്രഷറി നിരോധനംവന്നു കഴിഞ്ഞു.

കണ്ണൂര്‍  കോര്‍പ്പറേഷന്‍ ഭിന്നശേഷി സ്കോളര്‍ഷിപ്പ് ഇനത്തില്‍ ജില്ലാ ട്രഷറിയില്‍ സമര്‍പ്പിച്ച മൂന്ന് ബില്ലുകള്‍, ഒരേ പദ്ധതിയുടെ മൂന്ന് ബില്ലുകള്‍ ഒന്നിച്ച് സമര്‍പ്പിച്ചുവെന്ന കാരണത്താല്‍ മൂന്ന് ബില്ലും തള്ളിക്കളഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി കണ്ണൂര്‍ അസംബ്ലി മണ്ഡലത്തിലെ എം എല്‍ എ യുടെ കെടുകാര്യസ്ഥത പകല്‍ പോലെ വ്യക്തമാണ്. കാലാവധി അവസാനിക്കാറാവുമ്പോഴാണ് നമുക്ക് ഒരു എം എല്‍ എയുണ്ടെന്നും അവരൊരു വകുപ്പ് മന്ത്രിയാണെന്നും പ്രത്യക്ഷത്തില്‍ അറിയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി മണ്ഡലത്തില്‍ ഓടി നടന്ന് രാപ്പകല്‍ എന്നില്ലാതെ വിവിധ പ്രവൃത്തികളുടെ തറക്കല്ലിടലും പൂര്‍ത്തിയാകപ്പെടാത്ത പ്രവൃത്തികളുടെ ഉദ്ഘാടനവുമാണ് കാണാനാവുന്നത്. കോർപറേഷൻ്റെ

 അനുമതി ഇല്ലാതെ തറക്കല്ലിടലും പ്രവൃത്തി ആരംഭിക്കുകയും ചെയ്യുകയാണ്. കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള പള്ളിക്കുന്ന് സോണലിലെ പള്ളിയാംമൂല ഗ്രൗണ്ടില്‍ കരാറുകാരന്‍ പ്രവൃത്തി ആരംഭിക്കാന്‍ വന്നപ്പോഴാണ് നഗരസഭ ഈ വിഷയം അറിയുന്നത്. ഈ ബഡ്ജറ്റില്‍ ഉത്തരകേരളത്തിലെ ആദ്യ സ്കേറ്റിംഗ് ട്രാക്കിന് നടപടി സ്വീകരിക്കപ്പെട്ട സ്ഥലമാണത്. 

ഡി ടി പി സിയുടെ ആഭിമുഖ്യത്തില്‍ കലക്ടറുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ സ്ക്വയറിന്‍റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. ടൗണ്‍ സ്ക്വയര്‍ പാര്‍ക്കിംഗ് ഏരിയ സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ പരിപാടി നടത്താന്‍ നല്‍കിവരികയാണ്. അവിടം വലിയ പന്തല്‍ ഇടാനായി ടൈലുകള്‍ ഇളക്കിമാറ്റുന്നത് കാരണം നാശോന്‍മുഖമായി. മാത്രമല്ല ടൗണ്‍ സ്ക്വയറിന്‍റെ ഭാഗമായ ആംഫി തീയേറ്റര്‍ അവിടുത്തെ ഗാര്‍ഡനിംഗ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയെല്ലാം നശിച്ചു. അതിന്‍റെ പാര്‍ക്കിംഗ് ഏരിയയാണ് വീണ്ടും ഒരു സ്റ്റേജ് കെട്ടി പന്തലിടാന്‍ നശിപ്പിച്ചത്. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തന്നെ നിര്‍മ്മാണ പ്രവൃത്തിക്ക്  നഗരസഭയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ യാതൊരുവിധ അനുമതിയും നേടാതെ പാര്‍ക്കിംഗ് ഏരിയ കുത്തിപ്പൊളിച്ച് നിര്‍മ്മാണം നടത്തുമ്പോഴാണ് നഗരസഭ നിയമപരമായി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 

കണ്ണൂര്‍ നഗരത്തിന്‍റെ ബ്യൂട്ടിഫിക്കേഷന്‍ നഗരസഭ ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതിനോടനുബന്ധിച്ച് പി ഡബ്ല്യു ഡി വകുപ്പിന്‍റെ അധീനതയിലുള്ള ഭാഗത്തെ പ്രവൃത്തി കാലതാമസം വന്നതിനാലാണ് നഗരസഭയുടെ പ്രവൃത്തിയും വൈകിയത്. ഇതു വിഭാവനം ചെയ്ത രീതിയില്‍ പൂര്‍ത്തീകരിക്കാതെ പ്രവൃത്തി ഉദ്ഘാടനം ചെയ്യപ്പെട്ട നാടകം നമ്മള്‍ കണ്ടതാണ്. ഇതൊക്കെ പൊതുജന മധ്യത്തിലേക്ക് വരുമ്പോഴാണ് നഗരസഭ എം എല്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നു എന്ന് ആരോപിക്കുന്നത്. 

സത്യത്തില്‍ രാഷ്ട്രീയം കളിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേഷനോടാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് നല്‍കാതെ, നിരവധി തവണ കത്ത് നല്‍കിയിട്ടും 37 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടം പൂര്‍ത്തീകരിച്ച് കൈമാറാതെ പ്രസ്തുത ഓഫീസില്‍ അടിസ്ഥാനസൗകര്യങ്ങള്‍  ഒരുക്കുന്നതിന് നഗരസഭക്ക് അനുമതി നല്‍കാതെ രാഷ്ട്രീയം കളിക്കുന്നത് ആരാണെന്ന് വ്യക്തമാണ്. 25-02-2026 ന് മേയറുടെ പേരില്‍ ശുചിത്വമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടറുടെ ഒരറിയിപ്പ് ലഭിക്കുകയുണ്ടായി. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ശുചിത്വവും മാലിന്യസംസ്കരണവും സംബന്ധിച്ച പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പരിശോധിച്ച് ഗ്രേഡിംഗ് നടത്തുകയും ഇതിൽ ഉയര്‍ന്ന മാര്‍ക്ക് നേടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവാര്‍ഡ് നല്‍കി സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിട്ടുള്ളതാണ് എന്നതാണ് അറിയിപ്പ്. നഗരസഭകളുടെ വിഭാഗത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനാണ് ഒന്നാം സ്ഥാനം. എന്നാല്‍ നാളിതുവരെ കണ്ണൂര്‍ കോര്‍പ്പറേഷനെ ആദരിക്കുകയോ സമ്മാനം കൈമാറുകയോ ചെയ്തിട്ടില്ല. സാധാരണ തദ്ദേശദിനത്തോടനുബന്ധിച്ചാണ് ഇതു നല്‍കാറുള്ളത്.  യു ഡി എഫ് ഭരിക്കുന്ന കോര്‍പ്പറേഷന്‍ എന്ന നിലക്ക് നാളിതുവരെ ഈ വിവരം ആരെയും അറിയിച്ചിട്ടില്ല. ഇങ്ങനെ നിരവധി വിഷയങ്ങള്‍ എണ്ണിയെണ്ണി പറയാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയുക, സംസ്ഥാന കര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം പറയുക. എന്നാല്‍ അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായി നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുന്നു എന്നുള്ളതും പകല്‍ പോലെ വ്യക്തമാണെന്നും മേയർ ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ  ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ a 'ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, മുഹമ്മദലി വി കെ, അഡ്വ.സോനാ ജയറാം എന്നിവരുംപങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം