കണ്ണൂരിൽ തന്നെ വേണമെന്നില്ല:കേരളത്തിൽ എവിടെ വേണമെങ്കിലും മത്സരിക്കാമെന്ന് ഷമാ മുഹമ്മദ്
കണ്ണൂർ : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെന്ന് എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. മത്സരിക്കാൻ ആഗ്രഹമില്ലാത്ത ആരും രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്നും മത്സരിക്കാൻ യോഗ്യയാണോയെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും ഷമ മുഹമ്മദ് പറഞ്ഞു.
തനിക്ക് സീറ്റ് നൽകുമോയെന്ന കാര്യം നേതാക്കളോട് ചോദിക്കണമെന്നും സ്ത്രീകളെ പരിഗണിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയതെന്നും ഷമ മുഹമ്മദ് പറഞ്ഞു. കണ്ണൂർ തൻ്റെ തറവാടാണ്. അതിനാലാണ് അവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. എന്നാൽ കണ്ണൂരിൽ തന്നെ മത്സരിക്കണമെന്ന് നിർബന്ധമില്ല. കേരളത്തിൽ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണ്. തനിക്കെതിരെ പാർട്ടിയിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്നും ഷമ മുഹമ്മദ് മാധ്യമങ്ങളോട് വ്യക്തമാക്കി. കണ്ണൂർ മണ്ഡലത്തിൽ സീറ്റുറപ്പിക്കാനാണ് ഷമ മുഹമ്മദ് ശ്രമിക്കുന്നതെങ്കിലും ഡി.സി.സി നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല. വനിതാ സ്ഥാനാർത്ഥിയെയാണ് പരിഗണിക്കുന്നതെങ്കിൽ മുൻ മന്ത്രി എൻ. രാമകൃഷ്ണൻ്റെ മകൾ അമൃതാ രാമകൃഷ്ണനാണ് നേതൃത്വത്തിൻ്റെ പട്ടികയിൽ 'കണ്ണൂരിൽ കെ. സുധാകരൻ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത് പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. ആരും സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടന്നാണ് കെ. പി. സി. സി അദ്ധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രഖ്യാപിച്ചത്. ഇതിനെതിരെ സുധാകര അനുകൂലികൾ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്

Comments
Post a Comment