വെടിവയ്പ്പ് : ഫാറൂഖ് അബ്ദുള്ള രക്ഷപ്പെട്ടു




'

ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരേന്ദ്ര ചൗധരിക്കും നേരെ ജമ്മുവിൽ ആക്രമണം. ബുധനാഴ്ച രാത്രി ഗ്രേറ്റർ കൈലാഷ് ഏരിയയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അക്രമി ഇവർക്ക് നേരെ വെടിയുതിർത്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. എൻസി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഫറൂഖ് അബ്ദുള്ളയും സുരേന്ദ്ര ചൗധരിയും എത്തിയത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പുറത്ത് കാത്തുനിന്ന അക്രമി ലോഡ് ചെയ്ത പിസ്റ്റളുമായി ഫറൂഖ് അബ്ദുള്ളയുടെ തൊട്ടടുത്തെത്തി വെടിയുതിർക്കുകയായിരുന്നു.

വെടിവെച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കീഴ്പ്പെടുത്തി. ജമ്മു സ്വദേശിയായ കമൽ സിംഗ് ജംവാൾ എന്നയാളാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പ്രാഥമികമായി അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്നത് ലൈസൻസുള്ള തോക്കാണെന്നും വിവരമുണ്ട്. വെടിയുണ്ട ലക്ഷ്യം തെറ്റിയതിനാൽ ഫറൂഖ് അബ്ദുള്ള പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ തിരക്കിനിടയിൽ ഉപമുഖ്യമന്ത്രി സുരേന്ദ്ര ചൗധരിക്ക് നിസാര പരിക്കേറ്റതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

"അള്ളാഹു കാത്തു. എന്റെ പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോഡ് ചെയ്ത പിസ്റ്റളുമായി ഒരാൾക്ക് എങ്ങനെ ഇത്രയും അടുത്തെത്താൻ കഴിഞ്ഞു എന്നത് ഗൗരവകരമാണ്. എൻഎസ്ജി, ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാൾക്ക് നേരെയുണ്ടായ ഈ വധശ്രമം വലിയ സുരക്ഷാവീഴ്ചയാണ്, എന്ന് മുഖ്യമന്ത്രി ഉമർ അബ്ദുള്ള എക്സ് കുറിപ്പിൽ പറ‍ഞ്ഞു. സംഭവത്തിൽ ജമ്മു കശ്മീർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖനന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് പ്രതിയെന്നും ഉപമുഖ്യമന്ത്രിയുടെ ചില നയങ്ങളോടുള്ള പ്രതിഷേധമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം