രാജേന്ദ്രനോട് നീതി പുലർത്തിയോ കലാകേരളം ?



കണ്ണൂർ : മലയാള സിനിമയിൽ തൻ്റെ പ്രതിഭയെ തൊട്ടു പോലും നോക്കാതെ ജീവിത വേഷമഴിച്ചു വയ്ക്കേണ്ടി വന്ന നടനാണ് ഇ. എ രാജേന്ദ്രൻ 'നാടകത്തിൻ്റെ അരങ്ങിൽ നിന്നും അഭിനയത്തിൻ്റെയും സംവിധാനത്തിൻ്റെയും മർമ്മറിഞ്ഞ് ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന് അർഹമായ വേഷങ്ങളോ അംഗീകാരങ്ങളോ നൽകാതെ മലയാള സിനിമ പുറം തിരിഞ്ഞു നിന്നു. എന്നിട്ടു പോലും മിന്നൽ പിണർ പോലെ ചെയ്ത വേഷങ്ങൾ രാജേന്ദ്രന് പ്രേക്ഷക മനസിൽ ഇടംതേടി കൊടുത്തു. ഏറ്റിയും കുറുക്കിയുമുള്ള ആ മൂർച്ചയുള്ള ഡയലോഗുകൾ പ്രേക്ഷക മനസിൽ കൊളുത്തി വലിച്ചു.

മലയാള ചലച്ചിത്ര-നാടക രംഗത്ത് നടനും സംവിധായകനുമായി നിറഞ്ഞുനിന്ന കലാകാരനാണ് അപൂർവ്വമായ ഇ എ രാജേന്ദ്രന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ ഇ എ രാജേന്ദ്രന്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. വില്ലനായും സ്വഭാവ നടനായും അറുപതോളം സിനിമകളില്‍ വേഷമിട്ടു. 

തൃശൂരിലെ സ്‌കൂള്‍ പഠനകാലത്ത് സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിലൂടെയാണ് നാടകരംഗത്തേക്ക് ഇ എ രാജേന്ദ്രന്‍ കടന്നുവന്നത്. കലാലയ വിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ രാജേന്ദ്രന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ടെലിവിഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന രാജേന്ദ്രന്‍ വി.ആര്‍. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിലാണ് ആദ്യം വേഷമിട്ടത്. ഒരു ഇടവേളയ്ക്കുശേഷം ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ വീണ്ടും സിനിമയിലെത്തിയ രാജേന്ദന്‍ പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍, സ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു. നാടക വേദിയില്‍ നിന്ന് വന്ന നടനായതുകൊണ്ട് തന്നെ വ്യക്തമായ ശബ്ദവും ഉച്ചാരണവും ഇ എ രാജേന്ദ്രന്റെ കരുത്തായിരുന്നു.

നാടകത്തിലെ അതിശയോക്തി കലര്‍ന്ന അഭിനയ രീതിയില്‍ നിന്ന് മാറി സിനിമയുടെ സ്വാഭാവികതയുമായി എളുപ്പത്തില്‍ ഇണങ്ങുകയായിരുന്നു രാജേന്ദ്രന്‍. കുറഞ്ഞ സംഭാഷണങ്ങളിലൂടെയും നോട്ടത്തിലൂടെയും ആ കഥാപാത്രത്തിന്റെ ഗൗരവവും കാര്‍ക്കശ്യവും രാജേന്ദ്രന്‍ ഫലപ്രദമായി അവതരിപ്പിച്ചു. മലയാള സിനിമയിലെ സ്ഥിരം വില്ലന്‍മാരില്‍ നിന്ന് വ്യത്യസ്തമായി, അധികാരവും സ്ഥാനമാനങ്ങളുമുള്ള വില്ലന്‍ വേഷങ്ങളാണ് രാജേന്ദ്രന്‍ കൂടുതല്‍ ചെയ്തത്. വില്ലന്‍ വേഷങ്ങളിലും ഒരു തരം ഗൗരവം നിലനിര്‍ത്താന്‍ രാജേന്ദ്രന് കഴിഞ്ഞിരുന്നു.


തന്റേടമുള്ള, കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള രാജേന്ദ്രന്റെ കഴിവ് നരസിംഹം പോലുള്ള ചിത്രങ്ങളില്‍ പ്രകടമായിരുന്നു. സിനിമയുടെ മാറിയ രീതിക്കനുസരിച്ച് തന്റെ ശൈലി മാറ്റാനും അദ്ദേഹം ശ്രദ്ധിച്ചു. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഒ. മാധവന്റെയും നടി വിജയകുമാരിയുടെയും മകള്‍ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മുകേഷ് ഭാര്യ സഹോദരനാണ്. സിനിമ കുറയുമ്പോൾ വിലപിക്കാതെ തൻ്റെ തട്ടകമായ അരങ്ങിലേക്ക് തിരികെ പോകാൻ നി സങ്കോചം രാജേന്ദ്രന് കഴിഞ്ഞു. മറ്റെല്ലാ കലാരൂപത്തിനെക്കാൾ വലുത് നാടകമാണെന്ന് അദ്ദേഹം വിശ്വസിച്ചു. നാടകത്തിൽ ജീവിക്കുകയും നാടകം ശ്വസിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം അമേച്ചർ - പ്രൊഫഷനൽ നാടകവ്യത്യാസങ്ങളിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഒന്നാം റാങ്കുകാരന് പ്രൊഫഷനൽ നാടകങ്ങളോടുള്ള മമതയായിരുന്നു കൂടുതൽ ' നാടകം വെറും കല മാത്രമല്ല അന്നം തരുന്ന ദൈവമാണെന്നും അദ്ദേഹം കരുതി. കേരളത്തിലെ തരംഗമായി കാളിദാസനാടകവേദി മാറിയെങ്കിൽ ഒ. മാധവന് ശേഷം അതിന് പുതിയ മുഖം നൽകി നവീകരിച്ച രാജേന്ദ്രൻ്റെ പ്രതിഭാവിലാസം കൂടിയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം