മട്ടന്നൂരിൻ്റെ മനം കവർന്ന് യുവ സ്ഥാനാർത്ഥി വി കെ സനോജ്
മട്ടന്നൂർ :കനത്ത വേനൽ ചൂടൊന്നും സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്നവർക്ക് തടസ്സമാകുന്നില്ല. മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിന്‍റെ സ്വീകരണ കേന്ദ്രങ്ങളിൽ ചൂടിനെ തോൽപ്പിച്ചാണ് ജനങ്ങൾ എത്തുന്നത്. മുത്തുക്കുടകളും വർണ ബലൂണുകളും ചെണ്ടവാദ്യവുമൊരുക്കിയാണ് അവർ സ്ഥാനാർഥിയെ വരവേൽക്കുന്നത്. സ്വീകരണത്തിന് കൊഴുപ്പേകാൻ പടക്കങ്ങളും.
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം കുറിക്കു കൊള്ളുന്ന ചെറു പ്രസംഗം മാത്രം. നന്മകളെ കാത്തുസൂക്ഷിക്കാനുള്ള സമരമാണ് എൽഡിഎഫിന് തെരഞ്ഞെടുപ്പെടുപ്പെന്ന് ഓർമപ്പെടുത്തൽ. ഇടതുപക്ഷം വിജയിക്കേണ്ടതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തൽ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പൂർത്തീകരിച്ചശേഷം ഏറെ അഭിമാനത്തോടെയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടൽ. ഉമ്മൻചാണ്ടിയുടെ ഇരുണ്ടകാലവും എൽഡിഎഫിന്‍റെ വികസനകാലവും താരതമ്യം ചെയ്തുകൊണ്ട് എല്ലാവരും കണക്കാണെന്ന് പറയുന്നവർക്കുള്ള മറുപടി. ഒപ്പം ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് അക്കമിട്ട് നിരത്തൽ. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതിന് തുടർഭരണം ഉണ്ടാവണം. കുറഞ്ഞ സമയംകൊണ്ട് ഗൗരവമായ കാര്യങ്ങൾ സംവദിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് -കൂടെയുണ്ട് നാടിനൊപ്പമെന്ന് ഓർമ്മപ്പെടുത്തുകയാണ് നാട്യങ്ങളില്ലാത്ത നാട്ടുകാരനായ സ്ഥാനാർഥി വി കെ സനോജ്.
കീഴല്ലൂർ പഞ്ചായത്തിലെ ആനക്കുനിയിലായിരുന്നു പര്യടനത്തിന്‍റെ തുടക്കം. രാവിലെ ഒമ്പതോടെയാണ് സ്ഥാനാർഥി ഇവിടെയെത്തിയത്. സ്ഥാനാർഥിയെ വരവേൽക്കാൻ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നല്ലൊരു ജനാവലി ഇവിടെയെത്തിയിരുന്നു. കൊന്നപ്പൂങ്കുല നൽകിയാണ് വി കെ സനോജിനെ സ്വീകരിച്ചത്. കൈപിടിച്ചു കുലുക്കിയും കുശലം പറഞ്ഞും സെൽഫിയെടുത്തുമാണ് പ്രീയപ്പെട്ട സ്ഥാനാർഥിയോടുള്ള സ്നേഹം ജനങ്ങൾ പ്രകടിപ്പിച്ചത്. സ്വീകരണ ചടങ്ങിൽ കെ ടി വിജേഷ് അധ്യക്ഷനായി. എൻ വി ചന്ദ്രബാബു സംസാരിച്ചു. കെ വി മിനി സ്വാഗതം പറഞ്ഞു. തുടർന്ന് ഇ എം എസ് നഗർ, കൊതേരി കീഴടത്ത്, വെള്ളിയാം പറമ്പ്, ഉത്തിയൂർ, കാര, ഇല്ലം ഭാഗം, പാലോട്ടു പള്ളി, ആണിക്കരി, മുണ്ടയോട്, വെമ്പടി, കോളാരി, തലച്ചങ്ങാട്, ഈയ്യം ബോഡ്, തെക്കം പൊയിൽ, വാഴക്കാൽ, വഞ്ഞേരി, കരുവള്ളി , പൂന്തലോട്, കാഞ്ഞിരാട് എന്നിവിടങ്ങളിലും സ്വീകരണം നൽകി. മച്ചൂർ മലയിലായിരുന്നു സമാപനം.
വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, നേതാക്കളായ എം രതീഷ്, കെ സി മനോജ്, എം രാജൻ, കെ സി അബ്ദുൽ ഖാദർ, മുണ്ടാണി പുരുഷോത്തമൻ, കെ ടി ജോസ് തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment