വേങ്ങാട് ഇ കെ നായനാർ സ്മാരക ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു *സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ ഇടപെടലിലൂടെ ലോകം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ശ്രദ്ധിച്ചുതുടങ്ങി : മുഖ്യമന്ത്രി*



അഞ്ചരക്കണ്ടി :നാടിന്റെ പൊതു ആവശ്യങ്ങൾക്കൊപ്പം നിലക്കാനുള്ള സർക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഫലമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ലോകം ശ്രദ്ധിച്ചു തുടങ്ങിയ നിലയിലേക്ക് ഉയർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഹയർ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ കഴിഞ്ഞ പത്തു വർഷക്കാലം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ പുരോഗതി സ്വാഭാവിക പ്രക്രിയയുടെ  ഭാഗമായി സംഭവിച്ചതല്ല. മറിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമാണ്. ഇത്തരം ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളം മാറി. ലോകം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ശ്രദ്ധിക്കാൻ തുടങ്ങി എന്നും മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ 10 വർഷം കൊണ്ട് 5000 കോടി രൂപയാണ് പൊതു വിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. സ്‌കൂളുകൾക്ക് നല്ല കെട്ടിടങ്ങൾ ആധുനിക സംവിധാനങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് റൂമുകൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ 2016ന് മുൻപ് ഇതാ യിരുന്നില്ല സ്ഥിതി. പൊതുവിദ്യാലയങ്ങളിൽ അഞ്ച് ലക്ഷം കുട്ടികൾ കുറവായിരുന്നു. 1000 സ്‌കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. പാഠപുസ്തകങ്ങൾ സമയത്ത് കുട്ടികൾക്ക് ലഭിച്ചിരുന്നില്ല. ഈ സ്ഥിതിയിൽ നിന്ന് രാജ്യത്ത് നീതി ആയോഗ് പുരസ്‌കാരം ലഭിക്കുന്ന നിലയിലേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഉയർത്തിയത് സർക്കാർ വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന കരുതലിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 7. 81 കോടി രൂപ ചെലവഴിച്ചാണ് രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചത്.പൊതുമരാമത്ത് വകുപ്പ്-കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി ചന്ദ്രൻ, സി സജീവൻ , സന്ധ്യാ ലക്ഷ്മി, ജില്ലാപഞ്ചായത്തംഗം ഒ.സി ബിന്ദു, വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.റീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം രമ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി പത്മനാഭൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ദിപു, മുൻ എംപി കെ കെ രാഗേഷ്, സ്‌കൂൾ പ്രിൻസിപ്പൽ കെ.വി. ജസീർ, എച്ച് എം സി. പി.സജിനി, എൻ സി ഹുസൈൻ, കെ രഞ്ജിത്ത്, കെ ശശിധരൻ, അത്തിക്ക സുരേന്ദ്രൻ, സി പി സലീം, എൻ പി താഹിർ, ടി കെ അ്ബ്ദുൾ ഖാദർ, സി യശോനാഥ്, പി പവിത്രൻ, ചന്ദ്രൻ കല്ലാട്ട്, കെ പത്മനാഭൻ, കെ ഉൻമേഷ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം