അശാസ്ത്രീയ മാലിന്യ സംസ്കരണം: ചപ്പാരപ്പടവ് ഹൈസ്കുളിന് പതിനായിരം രൂപ പിഴ ചുമത്തി





തളിപ്പറമ്പ്: ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ചപ്പാരപ്പടവ് ഹൈസ്‌കൂളിന് 10,000 രൂപ പിഴയിട്ടു.

സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ ബോയ്‌സ് ടോയ്‌ലറ്റിന് സമീപത്തെ ചെങ്കല്‍ കൊണ്ട് കെട്ടി നിര്‍മ്മിച്ച ടാങ്കില്‍ പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ ഒട്ടനവധി മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കുട്ടികളുടെ ശുചിമുറികള്‍ വളരെ വൃത്തിഹീനമായ നിലയിലും ദുര്‍ഗന്ധം പരത്തുന്ന സ്ഥിതിയിലുമാണ് കാണപ്പെട്ടത്.


കൂടാതെ ഓരോ ക്ലാസ്‌റൂമിന്റെയും ജനലുകള്‍ വഴി വലിയ തോതില്‍ മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സ്റ്റാഫ്റൂമിന്റെ പുറകുവശത്ത് ചുറ്റുമതിലിനോട് ചേര്‍ന്ന് തള്ളിയ നിലയിലും കാണപ്പെട്ടു.

ചുറ്റുമതിലിനു പുറത്തായി മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് സ്‌കൂള്‍ ഓഫീസ് രേഖകളും മറ്റു പേപ്പര്‍ മാലിന്യങ്ങളും വലിച്ചെറിഞ്ഞനിലയിലും കണ്ടെത്തി.

ഓഫീസ് ബ്ലോക്കിലെ വാഷ്‌ബേസിനില്‍ നിന്നും പഴയ ഹൈസ്‌കൂള്‍ ബ്ലോക്കിലെ വാഷിംഗ് ഏരിയയില്‍ നിന്നും മലിനജലം തുറസായ നിലയില്‍ ഒഴുക്കി വിടുന്നതായും സ്‌ക്വാഡ് കണ്ടെത്തി.കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സ്‌കൂളിന് 10,000 രൂപ പിഴ ചുമത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്റഫ്, സ്‌ക്വാഡ് അംഗം അലന്‍ ബേബി, സി.കെ.ദിബില്‍, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ജീന ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം