ബഹ്റൈനിലെ സൽമാൻ തുറമുഖത്ത് ആക്രമണം; ഇറാൻ ആക്രമിച്ചത് തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രം, പിന്നാലെ തീപിടിത്തം

 

മനാമ: ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം. സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാൻ ആക്രമിച്ചതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സുരക്ഷാ, സാങ്കേതിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ബഹ്റൈനിലെ പ്രമുഖമായ വ്യാപാര തുറമുഖത്തിനരികെയാണ് ആക്രമണം ഉണ്ടായത്.

അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും അടുത്തുള്ള വെയർഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി സുരക്ഷാ സേന ഊർജ്ജിതമായി ഇടപെട്ടു. അതേസമയം സാങ്കേതിക സമിതികൾ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തൽ ആരംഭിച്ചു. ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം പരിഭ്രാന്തി സൃഷ്ടിക്കുന്നതോ സ്പർദ്ധയുണ്ടാക്കുന്നതോ ആയ വീഡിയോകളോ ചിത്രങ്ങളോ പങ്കിടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം