രാപകൽ മെയ്യുരുക്കി ജീവിതം പടുത്തുയർത്തിയവർ; സാർവദേശീയ തൊഴിലാളി ദിനം ഓർമ്മിപ്പിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളി വർഗത്തിൻ്റെ പോരാട്ടങ്ങളെ
കണ്ണൂർ:സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിനെ മുദ്രാവാക്യവുമായി ഷിക്കാഗോയിലെ തൊഴിലാളി സമരത്തിന് 140 വർഷം തികയുമ്പോൾ ഇന്ത്യയിലെ അധ്വാന വർഗം വലിയ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.
ലോകം ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ സമരമുഖത്താണ് ഇന്ത്യൻ തൊഴിലാളി വർഗം. കോർപറേറ്റുകൾക്ക് പൂർണമായും കീഴടങ്ങിയുള്ള നാല് തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്ദിനമാണ് കടന്നുപോകുന്നത്. ഉറച്ച പോരാട്ട വീര്യത്തോടെ മിനിമം വേതന വർധനവിന് വേണ്ടിയുള്ള സമരമുഖങ്ങൾ പ്രക്ഷുബ്ധമാവുകയാണ്. വർഗ സമരം കൂടുതൽ പടർന്നാൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ഏറ്റവും വലിയ ഉയർത്തെഴുന്നേൽപ്പിനാവും ലോകം സാക്ഷിയാവുക.
മിനിമം വേതനം അടക്കമുള്ള ന്യായമായ അവകാശങ്ങൾക്ക് വേണ്ടി തൊഴിലിടങ്ങളിൽ നിന്ന് തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അവർ ഏപ്രിൽ 9 നു രാജ്യതലസ്ഥാനത്ത്, നോയിഡയിൽ വർഗീയ, കോർപറേറ്റ് ഭരണകൂടത്തിന്റെ മൂക്കിൻ തുമ്പത്ത് പ്രതിഷേധം അലയടിച്ചു. ഫാക്ടറികളും റോഡുകളും ഉപരോധിച്ചു തൊഴിലാളികൾ മുന്നേറി. തീവ്രവാദി ചാപ്പ കുത്തി ഉത്തർപ്രദേശ് പോലീസ്സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു. അതൊരു തുടർച്ചയായിരുന്നു . രാജ്യത്തെ അസംതൃപ്തരായ തൊഴിലാള വർഗ്ഗത്തിൻറെ പ്രതിഷേധങ്ങളുടെ തുടർച്ച. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകളാണ് ഈ പ്രതിസന്ധിക്കെല്ലാം കാരണം.
ഫെബ്രുവരി പന്ത്രണ്ടിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചത് മോദി സർക്കാർ നയങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടായിരുന്നു. പണിമുടക്കിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി പ്രതിഷേധം ഉയർന്നു , ഗുഡ്ഗാവിൽ , മനേസാറിൽ , ഫരീദാബാദിൽ, പൽവാലിൽ , ഗാസിയാബാദിൽ, പാനിപ്പത്തിൽ എല്ലാം അവകാശ സമരങ്ങൾ അലയടിച്ചു . മുഖ്യധാര ട്രേഡ് യൂനിയൻ സംഘടനകൾ ഉൾപ്പെടെസമരത്തിന് പിന്തുണയുമായെത്തിയതൊടെ തൊഴിലാളി പ്രക്ഷോഭം ശക്തമായി. അതുവരെ കണ്ടില്ലെന്ന നടിച്ച കേന്ദ്ര സർക്കാരിനും മുഖ്യധാരാ മാധ്യമങ്ങൾക്കും നോയിഡയിൽ അങ്ങ് കണ്ണു തുറക്കേണ്ടി വന്നു. മനേസാറിലെ റിച്ച ഗ്ലോബൽസിലും, നോയിഡിയയിലെ മാതേഴ്സൻ കമ്പനിയിലും രുദ്രംപൂരിലെ വി ഗാർഡ് ഇൻഡസ്റ്റീസിലും തൊഴിലാളികൾ ചോദിച്ച ആവശ്യം ഒന്നായിരുന്നു മിനിമം വേതനം , അധിക ജോലിക്ക് അധിക കൂലി , ശമ്പള ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷ എന്നാൽ തൊഴിലാളി പോരാട്ടങ്ങളെ അധികാര ഗർവ്വിന്റെ ആൾബലത്തിൽ അടിച്ചമർത്തുക എന്ന എല്ലാ കാലത്തെയും ചൂഷക തന്ത്രം തന്നെയാണ് കേന്ദ്ര ഭരണകൂടവും പ്രയോഗിച്ചത് ഇപ്പോഴും നോയിഡയിലെ കാസ്ന ജയിലിൽ ആയിരങ്ങളാണ് നിയമ പരിരക്ഷ പോലുമില്ലാതെ തടവിൽ കഴിയുന്നത്.
എത്ര മർദിച്ചാലും, തടങ്കലിൽ പാർപ്പിച്ചാലും വേതന വർധനവില്ലാതെ തൊഴിലിടങ്ങളിലേക്ക് മടങ്ങില്ലെന്ന നിശ്ചയദാർത്ഥ്യത്തിലാണ് ഇന്ത്യയിലെ തൊഴിലാളി വർഗം

Comments
Post a Comment