കണ്ണൂർ കോർപറേഷൻ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കൗൺസിൽ യോഗ തീരുമാനം
കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷന്‍ പരിധിയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ആവശ്യമായ കുടിവെള്ളം എത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം. ഇതിനുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. കുടിവെള്ള വിതരണത്തിന് കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കണം. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ അതാത് കൗണ്‍സിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മേയര്‍ പി ഇന്ദിര പറഞ്ഞു. വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പിലൂടെ കൃത്യമായ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും പറഞ്ഞു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍ അതാത് ഡിവിഷനുകളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് മേയര്‍ നിര്‍ദേശം നല്‍കി. ഓടകളിലെയും തോടുകളെയും മണ്ണും മാലിന്യവും നീക്കം ചെയ്യണം. തൊഴിലാളികളുടെ കുറവ് ഉണ്ടെങ്കില്‍ പുറത്തുനിന്നും ഏര്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്നും പറഞ്ഞു. നാഷണല്‍ ഹൈവേ പ്രദേശങ്ങളില്‍ ഓടങ്ങള്‍ വൃത്തിയാക്കാന്‍ സാധിക്കാതെ മലിനജലം കെട്ടിക്കിടന്ന് ആളുകള്‍ക്ക് ബുദ്ധിമുട്ടിലാക്കുന്നെണ്ടന്ന് കൗണ്‍സിലര്‍ ബാലന്‍ ചൂണ്ടിക്കാട്ടി. നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് അറിയിച്ചു. മഴക്കാലത്തിനു മുമ്പായി റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
40 മൈക്രോണന് താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. വിവാഹ ആഘോഷ പരിപാടികളില്‍ ഇവ ഉപയോഗിക്കരുത് എന്നും അറിയിച്ചു. യോഗത്തില്‍ മുസ്‌ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും നഗരസഭ ചെയര്‍മാനുമായ പി കുഞ്ഞഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഡെപ്യൂട്ടി മെയര്‍ കെ .പി താഹിര്‍, ഉമേഷ് കണിയാങ്കണ്ടി, അനൂപ് ബാലന്‍ വി കെ പ്രകാശിനി ,കെ. സ്മീറ സംസാരിച്ചു.

Comments
Post a Comment