സി.പി.എം പ്രവർത്തകൻ യു.കെ സലിം വധക്കേസ് : പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു
തലശേരി:തലശരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിൽ ആറ് എമ്പ് ഡി പി ഐപ്രവർത്തകരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കെവി ലത്തീഫ്, ഇപി അബ്ദുള്ള, സക്കീർ ഹുസ്സൈൻ, പി നാസർ, ഷാബിൽ, മുഹമ്മദ് ഹിഷാം എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2008 ജൂലൈ 23 ന് രാത്രി 8.30ഓടെയാണ് ഉസ്സൻമെട്ടയിലെ സലിം കുത്തേറ്റ് മരിച്ചത്.
ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളിൽ എൻഡിഎഫിൻ്റെ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്. എന്നാൽ ഈ കേസിന് പ്രമാദമായ മറ്റൊരു കേസുമായി ബന്ധമുണ്ടന്ന് ആരോപണം ഉയർന്നു. 2006ലെ ഫസൽ വധക്കേസുമായി മകൻ്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പിതാവ് തന്നെയാണ് കോടതിയിൽ മൊഴി നൽകിയത്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാ ന്നെന്ന് യുകെ സലിമിൻ്റെ പിതാവ് ആരോപിച്ചു. സലിം മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തായിരുന്ന റഹീസും ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇത് അപകട മരണമല്ലെന്നും ഫസലിൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ റഹീസിനും അറിയാമായിരുന്നുവെന്നും അതിനാൽ റഹീസിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് മൊഴി നൽകിയിരുന്നു. ഫസൽ കേസിലെ വിവരങ്ങൾ സലിം പുറത്ത് പറയുമോയെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ അക്കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഈ ആരോപണം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജൻ തള്ളിയിരുന്നു. കൊല നടന്ന സമയത്ത് പിതാവിൻ്റെ മൊഴിയിൽ ഈക്കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നായിരുന്നു ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണം.
ഏറെ വിവാദമായ യുകെ സലീമിൻ്റെ കൊലപാതകത്തിലെ പ്രതികളെ വെറുതെ വിട്ടതോടെ പ്രൊസിക്യൂഷന് തിരിച്ചടിയായിരിക്കുകയാണ്.

Comments
Post a Comment