വിദ്യാത്ഥികളുടെ ബഹിഷ്കരണ സമരം, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ദന്ത വിഭാഗം അടച്ചു
കണ്ണൂര്‍ :നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ചു ക്ളാസുകൾ ബഹിഷ്കരിച്ചു അഞ്ചരക്കണ്ടിയിലെ കണ്ണൂർദന്തൽ കോളേജിലെ വിദ്യാർത്ഥികൾ സമരം നടത്തുന്ന പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിതമായി അടച്ചു. വിഷു അവധി കാരണമാണ് കോളേജ് അടച്ചതെന്ന് അധികൃതർ നൽകുന്ന വിശദീകരണം. ഏ പ്രീൽ 19 ന് വീണ്ടും ക്ളാസുകൾ തുറക്കുമെന്നാണ് അറിയിപ്പ് എന്നാൽ ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തോടെ പകച്ചു പോയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇതിൽ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതിനിടെ
അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്. ഇതിൽ ഡോ .റാമിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത് ഡോക്ടർ കെ.ടി സംഗീത നമ്പ്യാർക്കെതിരെ വിദ്യാർത്ഥികൾ പരാതി പെട്ടിട്ടില്ല എന്നാൽ എച്ച് ഒഡി മായ റാമിൻ്റെ അധിക്ഷേപങ്ങളും പീഢനങ്ങളും അറിഞ്ഞിട്ടും സംഗീത നമ്പ്യാർ ഇതിനെതിരെ നിശബ്ദമായി നിന്നു വെന്നാണ് പരാതി. ഡോക്ടർറാമിനെതിരെ വിദ്യാർത്ഥികൾ രേഖാമൂലം നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തത് ഒത്തുകളിയാണെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം എത്തി
രക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.ദന്തല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകന്റെ മരണത്തോടെയാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികള്‍ ആദ്യമേ പ്രതികരിക്കേണ്ടതായിരുന്നു അങ്ങനെയെങ്കില്‍ മകന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാര്‍ഥികള്‍ പുറത്തു വന്ന് കാര്യങ്ങള്‍ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറയണമെന്നും രാജന്‍ പറഞ്ഞു.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും രാജന്‍ പ്രതികരിച്ചു. നിതിന്റെ പഠന കാര്യങ്ങള്‍ക്കും വീട്ടിലെ ചിലവുകള്‍ക്കുമായി ആപ്പ് ലോണുകള്‍ എടുത്താണ് അടയ്ക്കുന്നത്. നിതിന്‍ തന്നെയാണ് അതെല്ലാം ചെയ്തുതരാറുള്ളതും. തന്നോട് ചോദിച്ചിട്ടാണ് അതൊക്കെ ചെയ്തിട്ടുള്ളത്. ലോണ്‍ തുക മകന്റെ ആവശ്യങ്ങള്‍ കഴിഞ്ഞശേഷം ബാക്കി തന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയച്ചുതരികയാണ് ചെയ്യാറുള്ളത്. തിരിച്ചടവ് താന്‍ തന്നെയാണ് കൊടുക്കാറുള്ളതും. നിതിന്റെ അമ്മ ഒന്നര മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞപ്പോഴാണ് തിരിച്ചടവ് മുടങ്ങിയിട്ടുള്ളത് രാജന്‍ പറഞ്ഞു.

Comments
Post a Comment