ജന ജീവിതത്തിന് ഭീഷണിയായ ശ്രീ റോഷ് ഫ്ളാറ്റ് നിർമ്മാണത്തിനെതിരെ മേലെചൊവ്വ നിവാസികൾ പ്രക്ഷോഭവുമായി രംഗത്ത്
കണ്ണൂർ: ചൊവ്വ ലോക്നാഥ് റോഡരുകിൽ ജനജീവിതത്തിന് ഭീഷണിയായി രാത്രികാലങ്ങളിലടക്കം ശ്രീ റോഷ് ഫ്ളാറ്റ്നിർമ്മാണം നടക്കുന്നതായി മേലെ ചൊവ്വയിലെ പ്രദേശവാസികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേലെ
ചൊവ്വ ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് പ്രദേശവാസികൾ സ്വകാര്യ കമ്പനിക്കെതിരെ മുഖ്യമന്ത്രി കലക്ടർ, കോർപ്പറേഷൻ, ജിയോളജി, സിറ്റി പൊലീസ് കമ്മീഷണർ, പൊലൂഷ്യൻ കൺട്രോൾ ബോർഡ് അഗ്‌നിരക്ഷാ സേന എന്നിവർക്ക് പരാതി നൽകിയത്. വീടുകൾ നിർമ്മിക്കാനെന്ന് പറഞ്ഞ് ഭൂമി വാങ്ങിയവർ ഫ്ലാറ്റ് പണിയാൻ വേണ്ടി കുന്നിടിച്ചും പൊടിപറത്തിയും മണ്ണ് കടത്തിയും പ്രദേശത്തെ കുടിവെള്ളം മുട്ടിച്ചിരിക്കയാണ്. നീരുറവകൾ പൂർണ്ണമായും ഇല്ലാതായതിനു പിന്നാലെ വീടുകളിലെ കിണറുകളും വറ്റി. റോഡുകളുടെ വികസനം നടക്കാത്ത സ്ഥിതിയുണ്ട്. രാത്രികാലങ്ങളിലടക്കമുള്ള അമിത ശബ്‌ദവും പൊടിയും കാരണം പ്രദേശത്തെ വയോജനങ്ങളും കുട്ടികളുമടക്കം രോഗാവസ്ഥയിലാണുള്ളത്. അമിത വൈദ്യുതി ഉപയോഗം കാരണം വീടുകളിൽ വൈദ്യുതി മുടക്കം പതിവാണ്. അനധികൃതമായാണ് ഇവിടെ പണികൾ നടക്കുന്നത്. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. അടിയന്തിരമായി അധികൃതർ ഇടപെട്ട് നിർമ്മാണ പ്രവൃത്തി തടയണമെന്നും പ്രദേശവാസികളുടെ ജീവന് സുരക്ഷയൊരുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു വാർത്താ സമ്മേളനത്തിൽ കൺവീനർ പി.എൻ മനോജ്, സൂര്യ സുജൻ , ശോഭന വിചിത്രൻ എന്നിവർ പങ്കെടുത്തു.

Comments
Post a Comment