പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ, കർശന പരിശോധനയുമായി പോലീസ്

.



തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി വഞ്ചിയൂർ പോലീസ്. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ആശുപത്രിയിൽ നേരത്തെ ചികിത്സയിലുണ്ടായിരുന്ന സിആർപിഎഫ് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പത്തുമണിയോടെ ജീവനക്കാരാണ് ശുചിമുറിയിൽ നിന്ന് ഏഴ് വെടിയുണ്ടകൾ കണ്ടെത്തിയത്. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിച്ചത്.വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് രാവിലെ ചോദ്യം ചെയ്‌തിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിയ രോഗികളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ആർപിഎഫും പൊലീസും സംയുക്തമായാണ് കേസന്വേഷിക്കുന്നത്. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുമെന്നും റെയിൽവേ സ്റ്റേഷൻ പരിസരം കർശന നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. വെടിയുണ്ടയുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താനായി ഫോറൻസിക് പരിശോധന നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം