പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ; വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും പ്രധാന ചർച്ചയാകും
ന്യൂഡൽഹി:ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഘടനയെ തന്നെ മാറ്റാൻ ലക്ഷ്യമിട്ടുള്ള മൂന്ന് നിർണ്ണായക ബില്ലുകൾ പരിഗണിക്കുന്നതിനായി പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. ലോക്സഭയിലെയും നിയമസഭകളിലെയും വനിതാ സംവരണം നടപ്പിലാക്കുക, മണ്ഡല പുനർനിർണ്ണയം (Delimitation) നടത്തുക, ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ, ഡീലിമിറ്റേഷൻ ബിൽ 2026, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ എന്നിവയാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത് എന്നാൽ മണ്ഡല പുനർനിർണയത്തിൽ ശക്തമായ പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനർനിർണ്ണയമാണെന്നും (Delimitation) കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിമർശിച്ചു.
മണ്ഡലപുനർനിർണ്ണയത്തിനായുള്ള നീക്കം അങ്ങേയറ്റം അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അവർ മുന്നറിയിപ്പ് നൽകി. 'ദി ഹിന്ദു' പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

Comments
Post a Comment