തളിപറമ്പിൻ്റെ താരമായി ശ്യാമള ടീച്ചർ, അവസാന ലാപിൽ കത്തിക്കയറി
തളിപറമ്പ് :ആവേശം കൊട്ടിക്കയറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിൽ തളിപ്പറമ്പിൻ്റെ ഹൃദയത്തിൽ സ്വന്തം പേരെഴുതിച്ചേർത്ത് തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറുടെ മുന്നേറ്റം.
പ്രചാരണത്തിന്റെ അവസാന ദിവസത്തെ ആവേശത്തിലും തളിപ്പറമ്പിൽ കേന്ദ്രീകൃത കൊട്ടിക്കലാശമില്ലാതിരുന്നിട്ടും ആന്തൂർ നഗരസഭയിലെ കോൾമൊട്ടയിൽ തടിച്ചകൂടിയ യുവാക്കൾക്കും കുട്ടികൾക്കുമൊപ്പം ചുവടുകൾ വച്ചായിരുന്നു നാടേറ്റെടുത്ത പരസ്യപ്രചാരണത്തിന് ശ്യാമള ടീച്ചർ തിരിതാഴ്‌ത്തിയത്. ട്രാൻസ്‌ജെന്റേഴ്‌സ് ഉൾപ്പെടെ ഡിജെയ്‌ക്കൊപ്പം ആടിയും പാടിയും ചുവടുകൾവച്ചും പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ കൊഴുപ്പകാനെത്തി. ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡർ ഫെഡറേഷൻ കേരള (ഡിടിഎഫ്‌കെ) ഭാരവാഹികളായ നേഹ ചെമ്പകശ്ശേരി, കാഞ്ചി ബാബ, മണി എന്നിവരും കൊട്ടിക്കലാശത്തിൽ പങ്കടുക്കാനെത്തി. സിപിഐ എം ഏരിയാസെക്രട്ടറി കെ സന്തോഷും കോൾമൊട്ടയിൽ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനെത്തി.
തളിപ്പറമ്പ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കുമൊപ്പമായിരുന്നു അവസാനദിവസം ഏറിയ സമയവും ചെലവഴിച്ചത്. വിദ്യാർഥികളിലും അധ്യാപകരിലും പലരും മണ്ഡലത്തിലെ വോട്ടർമാരല്ലാതിരുന്നിട്ടും ടീച്ചറെ ചേർത്തുപിടിച്ചും കൂടെ നടന്നും വോട്ടഭ്യർഥനയിൽ അവരും പങ്കാളികളായി. രാവിലെ മോറാഴയിലെ വീടുകളിലെത്തിയ ശ്യാമള ടീച്ചർ പകൽ പത്തിന് തളിപ്പറന്പ് ഹെഡ് പോസ്‌റ്റ് ഓഫീസിലെത്തി അവിടെയുണ്ടായിരുന്ന മുഴുവൻ ജീവനക്കാരോടും വോട്ടഭ്യർഥിച്ചു. തപാൽ സേവനങ്ങൾക്കായെത്തിയ പരിചയക്കാരുമായും സ്‌നേഹം പങ്കിട്ടശേഷമാണ് ടീച്ചർ മടങ്ങിയത്. തുടർന്ന് തളിപ്പറമ്പിയും മഴൂരിലെയും ഏതാനുംവീടുകളും സന്ദർശിച്ചു.
കൊട്ടിക്കലാശത്തിൽ ആന്തൂർ നഗരസഭയിലെ കോൾമൊട്ടയിലാണ് ടീച്ചർ പങ്കെടുത്തത്. ഡിജെ പാർടിയുടെ അകമ്പടിയിൽ ചുവന്ന ബലൂണുകളും ടീച്ചറുടെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുകളും ടീ ഷർട്ടുകളുമണിഞ്ഞ് കൊടികളുമേന്തിയിട്ടായിരുന്നു കൊട്ടിക്കലാശം.

Comments
Post a Comment