നിതിന്‍ രാജിൻ്റെ ജീവനൊടുക്കൽ: കുറ്റാരോപിതരായ അധ്യാപകരെ പിരിച്ചുവിടണമെന്ന് സോഷ്യൽ മീഡിയയിൽ മുറവിളി

 

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ഒന്നാം വർഷ ബി ഡ എസ്  വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ (23) ആത്മഹത്യയ്ക്ക്പിന്നാലെ അധ്യാപകര്‍ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. നിതിന്‍ രാജിനെ ജാതീയമായും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചിരുന്ന അധ്യാപകരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യമുയരുന്നത്. ആക്ടിവിസ്റ്റ് ടി എസ് ശ്യാം കുമാർ അടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.

ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നീ അധ്യാപകര്‍ തന്നെ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പല തവണ സംസാരിച്ചിട്ടുണ്ട്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ഈ അധ്യാപകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഷന്‍ മാത്രം മതിയാകില്ലെന്നും ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് വഴിവെച്ചവര്‍ക്കെതിരെ ഏറ്റവും കര്‍ശനമായ നടപടികള്‍ വേണമെന്നുമാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആവശ്യപ്പെടുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും പറഞ്ഞുകൊണ്ട് നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിന്‍ രാജ് ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. നിതിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ 'പുഴുത്ത പട്ടി' എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്.

ഈ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ, ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത നമ്പ്യാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര അന്വേഷണത്തിനായി കോളേജില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം