വേനൽ വൈബ്-2: തണലിന്റെ നേതൃത്വത്തിൽ വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു
കണ്ണൂർ: തണൽ ചൈൽഡ് ആൻഡ് വിമൻ റെസിലിയൻസ് ടീം നടപ്പിലാക്കി വരുന്ന കുടുംബകേന്ദ്രിത പരിചരണ പദ്ധതിയുടെ ഭാഗമായി 15 മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കായി “വേനൽ വൈബ് -2” എന്ന പേരിൽ വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 21, 22 തീയതികളിൽ കണ്ണൂരിലെ റയാൻ ഇന്റർനാഷണൽ ഗ്രീൻ സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുക.കുടുംബനാഥന്റെ അസാന്നിധ്യം മൂലം പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാതാപിതാക്കളുടെ മരണം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ അനാഥത്വം അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങാകുന്നതിനായി തണൽ ചൈൽഡ് ആൻഡ് വിമൻ റെസിലിയൻസ് ടീം നടപ്പിലാക്കുന്ന കുടുംബകേന്ദ്രിത പരിചരണ പദ്ധതി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.കുട്ടികളെ അനാഥാലയങ്ങളിലേക്ക് മാറ്റുന്നതിനുപകരം, സ്വന്തം കുടുംബങ്ങളിലോ ബന്ധുക്കളുടെ സംരക്ഷണത്തിലോ സ്നേഹവും സുരക്ഷിതത്വവും ഉറപ്പാക്കി വളരാൻ പ്രാപ്തരാക്കുന്ന വ്യത്യസ്ത മാതൃകയാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലയിൽ 216 കുടുംബങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പാക്കുന്നതിൽ പദ്ധതി സഹായകരമാകുന്നുണ്ട്.വേനൽ വൈബ് – സീസൺ 2” ക്യാമ്പ് പരമ്പരയിലെ പ്രധാന പരിപാടിയായ “വേനൽ വൈബ് -2026” ൽ ആത്മവിശ്വാസം വർധിപ്പിക്കൽ, വ്യക്തിത്വ വികസനം, സാമൂഹിക-മാനസിക കഴിവുകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി വിവിധ സെഷനുകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് സ്വയം തിരിച്ചറിയാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ജീവിത നൈപുണ്യങ്ങൾ വികസിപ്പിക്കാനും ക്യാമ്പ് മികച്ച അവസരമാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക്: 75938 58835

Comments
Post a Comment