രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കണം, പയ്യന്നൂരിൽ സേവ് സി പി എം ഫോറത്തിൻ്റെ പേരിൽ വീണ്ടും പോസ്റ്റർ പതിച്ചു
പയ്യന്നൂർ:പയ്യന്നൂരിൽ വീണ്ടും വിവിധയിടങ്ങളിൽ സേവ് സി പി എം ഫോറത്തിൻ്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തോറ്റ എം എൽ എ ടി ഐ മധുസൂദനനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ടു കൊണ്ടാണ് ഇന്ന് രാവിലെപോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജനവികാരത്തെ പാർട്ടി മാനികുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്നും പുറത്താക്കുക, എന്നെഴുതിയ പോസ്റ്ററാണ് അന്നൂർ, പയ്യന്നൂർ ടൗൺ , കാറമ്മേൽ, വെള്ളൂർ എന്നിവടങ്ങളിൽ പതിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ചുമരെഴുതിയതിനെ തുടർന്ന് തകർക്കപ്പെടുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്ത മതിലിലും പോസ്‌റ്റർ പതിച്ചിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് അവതരിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തോട് ഇനിയെങ്കിലും ജനങ്ങൾക്ക് മുൻപിൽ കണക്ക് അവതരിപ്പിക്കണമെന്ന ആവശ്യവും പോസ്റ്ററിലുണ്ട്. വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന വിമതവിഭാഗമാണ് പോസ്റ്ററിന് പിന്നിലെന്നാണ് സിപിഎം പയ്യന്നുർ ഏരിയാ നേതൃത്വം നൽകുന്ന വിശദീകരണം. ഇതിനിടെ ടിഐ മധുസൂദനൻ്റെ അപ്രതീക്ഷിത തോൽവിയിൽ സിപിഎമ്മിൽ അതൃപ്തി പുകയുന്നുണ്ട്. മധുസുദനനെ കാലുവാരിയതിൽ ഏരിയ നേതൃത്വത്തിലെ ചിലർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു കൊണ്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഫെയ്സ്ബുക്കിൽ പ്രചരണം നടത്തിയത് വിവാദമായിരുന്നു. പാർട്ടിയെ തോൽപ്പിക്കാൻ കൂട്ടുനിന്ന ഏരിയാ സെക്രട്ടറി പി. സന്തോഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായകെ പി ജ്യോതി, പി വിജീഷ്, കെ. ഗംഗാധരൻ എന്നിവരെ പുറത്താക്കണമെന്നാണ് പോസ്റ്ററിലുള്ളത്.

Comments
Post a Comment