ചുവടുകൾ എല്ലാം പിഴച്ചു :ബൈജുവിനെ കാത്ത് സിംഗപ്പൂർ ജയിൽ, കീഴടങ്ങാൻ സാദ്ധ്യതയേറി


കണ്ണൂർ:എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും കണ്ണൂർ അഴിക്കോട് സ്വദേശിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറ് മാസത്തെ ജയില്‍ശിക്ഷ വിധിച്ചതിൻ്റെ അടിസ്ഥാനത്തിൽ കീഴടങ്ങിയേക്കും . കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് തടവ്ശിക്ഷ വിധിച്ചത്. ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
സിംഗപ്പൂർ പൊലിസ്അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂര്‍ ഡോളര്‍) കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. കൂടാതെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയിലെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി. ഖത്തര്‍ ഹോള്‍ഡിങ് നല്കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ പിരിച്ചുവിടല്‍, നിക്ഷേപകരുമായുള്ള തര്‍ക്കങ്ങള്‍, വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അക്കൗണ്ടിങ് വിവാദങ്ങള്‍, വിദേശ കോടതികളിലെ കേസുകള്‍ എന്നിവ കമ്പനിക്ക് വലിയ തിരിച്ചടിയായി മാറി.
അമേരിക്കന്‍ വായ്പദാതാക്കളില്‍ നിന്ന് സമാഹരിച്ച 1.2 ബില്യണ്‍ ഡോളര്‍ വായ്പയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഇപ്പോള്‍ ബൈജുവിനെ പിന്തുടരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വായ്പ തുകയുടെ ഉപയോഗം, ആസ്തികളുടെ സ്ഥാനം, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെച്ചൊല്ലി അമേരിക്കയിലും സിംഗപ്പൂരിലും കേസുകള്‍ തുടരുകയാണ്. ബൈജു രവീന്ദ്രന്‍ നിലവില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കര്‍ശന നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂര്‍. അധികൃതര്‍ക്ക് മുന്നില്‍ ബൈജുവിന് കീഴടങ്ങേണ്ടി വന്നേക്കുമെന്നാണ് വിവരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം