ആലപ്പുഴയിലെ രക്ഷാപ്രവർത്തനം : ഗൺമാൻ ഉൾപ്പെടെ അഞ്ച് പേർക്ക് സസ്പെൻഷനുണ്ടാകും


ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകും. ഗൺമാൻ അടക്കം അഞ്ച് പൊലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുക. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തും. എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം.
വ്യാജരേഖ ചമച്ചതില്‍ കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എസ്‌ഐടി തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ വാക്കാലാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. എസ്‌ഐടിയുടെ നടപടി ശുപാര്‍ശാ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും.
അതേസമയം സന്ദീപും അനില്‍കുമാറും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങള്‍ ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ലോക്കല്‍ പൊലീസിന്റെ അഭാവത്തിലാണ് ഇടപെടേണ്ടി വന്നതെന്നും പ്രതിഷേധം നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും ഗണ്‍മാന്മാര്‍ പറഞ്ഞു.
'മന്ത്രിമാരുടെ വാഹനവ്യൂഹത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ ഓടിയത് തടയാനാണ് ശ്രമിച്ചത്. യാത്രയില്‍ ഉടനീളം നിരത്തുകളില്‍ പ്രതിഷേധം ഉണ്ടായിരുന്നു. പലസ്ഥലങ്ങളിലും പൊലീസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് ലാത്തി കയ്യില്‍ കരുതിയിരുന്നത്. അറസ്റ്റിലായി 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ ജോലി നഷ്ടമാകും', ജാമ്യാപേക്ഷയില്‍ പറയുന്നു. 26നാണ് ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഗുരുതര മൊഴിയുണ്ട്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് എസ്‌ഐടിക്ക് മൊഴി നല്‍കിയിരിക്കുന്നത്. വയനാട് ദുരന്തസമയം റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപി നിര്‍ബന്ധിച്ചെന്നും ബഹളത്തിനിടയില്‍ ആരും ശ്രദ്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞെന്നുമാണ് മൊഴി. എഡിജിപി പറഞ്ഞത് പ്രകാരം കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം