പി ജയരാജനെ പുകഴ്ത്തി പാർട്ടി ഗ്രാമങ്ങളായ ആന്തൂരിലും പാപ്പിനിശേരിയിലും ഫ്ളക്സ് ബോർഡ്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഫ്ളെക്സ് പ്രചരണം ശക്തമാകുന്നു പാർട്ടി സ്വാധീന പ്രദേശങ്ങളിലാണ് ഫ്ളക്സുകൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. പി ജയരാജൻ എം സ്വരാജ് എന്നിവരെ ആദർശ കമ്യൂണിസ്റ്റുകളാക്കി ചിത്രീകരിച്ചു കൊണ്ടാണ് പലയിടങ്ങളിലും ഫ്ളക്സ് ബോർഡുകൾ ഉയരുന്നത്. ഇവരെ വിളിക്കു പാർട്ടിയെ രക്ഷിക്കുവെന്ന മുദ്രാവാക്യമാണ് ബോർഡുകളിൽ എഴുതി വെച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ തട്ടകമായ ആന്തൂർ നഗരസഭയിലെ അയ്യങ്കോലും സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജൻ്റെ വീട് സ്ഥിതി ചെയ്യുന്ന പാപ്പിനിശേരിയിലും അണികൾ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം, എം വി ഗോവിന്ദൻ്റെ മണ്ഡലമായ തളിപ്പറമ്പ്, തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്ളക്സ് ബോർഡുകൾ ഉയരുന്നത്. എം .വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി പദവി രാജി വയ്ക്കണമെന്നാണ് ഫ്ളക്സ് ബോർഡിൽ പ്രധാനമായും എഴുതി വെച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് തോൽവിയോടെ സിപിഎമ്മിൽ പി.ജയരാജനെ അനുകൂലിക്കുന്ന സൈബർ ഗ്രൂപ്പുകൾ പൂർവ്വാധികം ശക്തിയോടെ തല പൊക്കിയിരിക്കുകയാണ്. എന്നാൽ തന്നെ മഹത്വവൽക്കരിക്കുന്നതിനെ തള്ളി പറഞ്ഞു കൊണ്ട് ഏറ്റവും ഒടുവിൽ പി ജയരാജൻ തന്നെ രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തന്‍റെ പടം വെച്ചുകൊണ്ട് ഫ്ളക്സും ഫെയ്സ്ബുക്ക് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതിലാണ്
പി ജയരാജൻ തൻ്റെ
നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ജയരാജൻ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. കണ്ണൂരിലെ പരാജയത്തിന് പിന്നാലെ പി. ജയരാജനെ ജില്ലയിലെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്ന ബോർഡാണ് അഴീക്കോട് കാപ്പിലെ പീടികയിൽ സ്ഥാപിച്ചത്. കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികൾക്കിടയിൽ വികാരം ശക്തമാണ്.
കോൺഗ്രസ്സ് പ്രത്രിസന്ധിയിലായപ്പോൾ "ഇന്ദിരയെ വിളിക്കൂ സോണിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കു" എന്ന മുദ്രവാക്യം ഉയർത്തി. അത് കോൺഗ്രസ്സ് സംസ്കാരമാണ്. അതിൽ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതിയെന്ന് ജയരാജൻ പറഞ്ഞു. സോഷ്യൽ മീഡിയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക- ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു- ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

Comments
Post a Comment