ഇനിയും അവഗണന സഹിക്കാനാവില്ല, എം എൽ എ സ്ഥാനം രാജി വയ്ക്കുമെന്ന് ചെന്നിത്തല
ആലപ്പുഴ:മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചിരുന്നു.
ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. രാജിക്കത്ത് തയ്യാറാക്കാന്‍ രമേശ് ചെന്നിത്തല ഓഫീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുരുവായൂരില്‍ നിന്ന് ഇന്ന് ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രമേശ് ചെന്നിത്തല പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തന്നെ പിന്തുണക്കുന്ന നേതാക്കളെ രമേശ് ചെന്നിത്തല തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.രമേശ് ചെന്നിത്തല രാജിവെക്കാന്‍ ഉറപ്പിച്ചാല്‍ ഹൈക്കമാന്‍ഡ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ആഭ്യന്തര വകുപ്പ് അടക്കം കൊടുത്തേക്കുമെന്നാണ് സൂചന. ഒപ്പമുള്ള മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവെയ്ക്കാൻ സാധ്യതയുണ്ട്. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, പി ജെ വിനോദ് എന്നിവരെ പരിഗണിക്കാനായിരിക്കും രമേശ് ചെന്നിത്തല പറയാന്‍ സാധ്യത.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തിയിലായിരുന്നു രമേശ് ചെന്നിത്തല. സതീശനാണ് മുഖ്യമന്ത്രിയെന്ന് രാഹുൽ ഗാന്ധി അറിയിച്ചതിന് പിന്നാലെ വീടിന്റെ പിന്നിലെ വഴിയിലൂടെ പുറത്തേക്ക് പോയ രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിട്ടില്ല. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്. പകരം വി ഡി സതീശന് പിന്തുണ അറിയിച്ച് കത്ത് നല്‍കുകയാണ് ചെയ്തത്.

Comments
Post a Comment