ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡനം: ഏഴു പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
തലശേരി: കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഏഴു പ്രതികൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് ഇവരെ പിടികൂടുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയത്.
പാനൂർ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ തടവിലാക്കിയ പെൺകുട്ടിയെ കഴിഞ്ഞ ദിവസം പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചതായുള്ള കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൈൽ, വസീം, ആത്മജു എന്നിവർക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. ആകെഏഴുപേരാണ് കേസിലെ പ്രതികൾ. ഇവരെ ഉടൻ തന്നെ പിടികൂടുമെന്ന് കേസ് അന്വേഷണം നടത്തുന്ന ചേവായൂർ എസ്‌എച്ചഒ പറഞ്ഞു. പ്രതികളിൽ സുഹൈൽ കണ്ണൂർ സ്വദേശിയും മറ്റു രണ്ടുപേർ കോഴിക്കോട് സ്വദേശികളുമാണ്.
കോഴിക്കോട് സ്വദേശികളാണ് മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയിരിക്കുന്നത്. രണ്ടു സംഘങ്ങളാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഈ സംഘങ്ങൾക്കു പരസ്പരം ബന്ധമില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 15 ന് രാത്രി 10.30ന് കാറിൽ എത്തിയ രണ്ടു പേർ വീടിനു മുന്നിൽ വച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു ചേവായൂർ ഇന്സ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണമാരംഭിച്ചു.
ഇൻസ്റ്റഗ്രാം മുഖേന പെൺകുട്ടിയെ പരിചയപ്പെട്ട ഒരു യുവാവാണ് സുഹൃത്തിന്റെ സഹായത്തോടെ രാത്രിയിൽ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിനു ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശേരിയിൽ എത്തിച്ചതായി വിവരം ലഭിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പോക്സോ ഉൾപ്പെടെയുള്ള ഗുരുതര
വകുപ്പുകൾ ചുമത്തുമെന്നു പ്രതികളുടെ ബന്ധുക്കൾക്ക് നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് പ്രതികൾ പെൺകുട്ടിയെ തിരികെ നാട്ടിലേക്കു പോകാൻ അനുവദിക്കുകയായിരുന്നു.
പെൺകുട്ടി തിരിച്ചു വരുന്നതിനിടെ കണ്ണൂർ സ്വദേശികളായ മറ്റൊരു സംഘത്തിന്റെ കെണിയിൽ വീണു. വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞ് ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിലാക്കുകയായിരുന്നു.
രണ്ടു സംഘങ്ങളും പെൺ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. പെൺകുട്ടി നാട്ടിലേക്കു തിരിച്ച വിവരമറിഞ്ഞു പോലീസ് തൃശൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
36 ദിവസത്തിനു ശേഷം പാനൂരിലെ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പൊലിസ് കണ്ടെത്തിയത്. ഇതിനു ശേഷം പെൺകുട്ടിയെകോഴിക്കോട് സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാക്കി. ഇവരെ കെയർഹോമിലേക്കു മാറ്റി.
കൊളവല്ലൂരിലെരഹസ്യ കേന്ദ്രത്തിൽ മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായും അർധരാത്രിയിലും മറ്റും യുവതി യുവാക്കൾ ഇവിടെ വന്നു പോകുന്നതായും നാട്ടുകാർ പറഞ്ഞു.
പാനൂർകൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറ്റക്കണ്ടിയിലാണ് കുട്ടിയെ തടവിലാക്കിയിരുന്നത്. കൊളവല്ലൂർ സ്വദേശി പറമ്പത്ത് അജിതൻ എന്ന വ്യക്തി രണ്ടു മാസം മുൻപ് വാടകയ്ക്കു കൊടുത്ത വീട്ടിലാണ് പെൺകുട്ടിയെ തട്ടികൊണ്ടു വന്നു താമസിപ്പിച്ചത്.
കഴിഞ്ഞ ദിവസം കാറിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ചു ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നു മയക്കുമരുന്നു തൂക്കുന്ന ത്രാസ് കണ്ടെടുത്തിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു
Comments
Post a Comment