ആറളത്ത് 215 ഇനം കൂണുകൾ കണ്ടെത്തി*


ഇരിട്ടി:ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ 215 ഇനം കൂണുകൾ കണ്ടെത്തി. കേരള വനം-വന്യജീവി വകുപ്പ് ആറളം വൈൽഡ്‌ലൈഫ് ഡിവിഷനും മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും സംയുക്തമായി നടത്തിയ സർവേയിൽ പവിഴപ്പുറ്റുകളോട് സാമ്യമുള്ള ശാഖകളോട് കൂടിയ കോറൽ ഫംഗസുകൾ, നിരവധി ബോലെറ്റുകൾ, പോളിപോറുകൾ എന്നിവയും കണ്ടെത്തി. പ്രാണികളെയും മറ്റ് ആർത്രോപോഡുകളെയും ബാധിക്കുന്ന ഒട്ടനവധി എന്റോമോപാത്തോജെനിക് ഫംഗസുകളും (ശലഭങ്ങൾചിലന്തികൾ, ഉറുമ്പുകൾ, ലെപിഡോപ്റ്ററൻ ലാർവകൾ എന്നിവയിൽ വളരുന്നവ) രേഖപ്പെടുത്തി. പ്രാണികളുടെ എണ്ണം സ്വാഭാവികമായി നിയന്ത്രിക്കുന്നതിലും ജൈവിക കീട നിയന്ത്രണത്തിലുള്ള ഇവയുടെ സാധ്യതകളിലും ശാസ്ത്രലോകത്തിന് വലിയ താല്പര്യമുള്ളവയാണ് ഈ ഫംഗസുകൾ. ഗാനോഡെർമ, ട്രാമെറ്റസ് എന്നീ ഇനങ്ങളിൽപ്പെട്ട ഔഷധഗുണമുള്ള കൂണുകൾ കണ്ടെത്തിയത് ശ്രദ്ധേയമായി. ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും പോഷക ഗുണമേറിയതുമായ ടെർമിറ്റോമൈസസ്, ഔഡെമാൻസിയെല്ല, ഫ്ലെബോപസ്, ഓറിക്കുലേറിയ എന്നിവയുൾപ്പെടെ 25-ഓളം ഭക്ഷ്യയോഗ്യമായ കൂണുകളും സർവേയിൽ കണ്ടെത്തി.
മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്യൂനിറ്റിയിലെ മൈക്രോബയോളജിസ്റ്റ് എം.ടി. ഹരികൃഷ്ൻ , ഫോറൻസിക് സർജൻ ഡോ. ജിനു മുരളീധരൻ, ഗവേഷകരായ ഡോ. ശീതൾ ചൗധരി, ഡോ. ആഷിക് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്. ആറളം, കൊട്ടിയൂർ സങ്കേതങ്ങളിലായി വളയംചാൽ, മീൻമുട്ടി, കരിയൻകാപ്പ്, ചാവച്ചി, കൊട്ടിയൂർ, ചുള്ളിക്കണ്ടം, പരിപ്പുതോട് എന്നീ ഏഴ് ക്യാമ്പുകളിലായാണ് ഫീൽഡ് സർവേ നടത്തിയത്. ഇരുട്ടിൽ നേരിയ വെളിച്ചം പുറപ്പെടുവിക്കുന്ന ഫിലോബോലെറ്റസ് ഇനത്തിൽപ്പെട്ടസ്വയം പ്രകാശിക്കുന്ന കൂണുകളെ കണ്ടെത്തിയതായിരുന്നു സർവേയിലെ പ്രധാന ആകർഷണം. ക്ലാർക്കിൻഡ, ക്ലോറോഫില്ലം, ഗാലറിന, ഇനോസിബി എന്നീ ഇനങ്ങളിൽപ്പെട്ട മാരകമായ വിഷക്കൂണുകളും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം