നോവലിലെ ജറമിയാസ് ബെന്നിച്ചേട്ടൻ തന്നെ; നോവലിസ്റ്റ് വിനോയ് തോമസ്
ഇരിട്ടി:വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസിനെക്കുറിച്ചുള്ള ബന്ധുനിയമനചർച്ചകൾ വാർത്തകളിൽ നിറയുമ്പോൾ, അദ്ദേഹവുമായുള്ള നാൽപ്പത് വർഷത്തെ ആത്മബന്ധവും ഓർമകളും പങ്കുവെച്ച് പ്രശസ്ത നോവലിസ്റ്റും ഇരിട്ടി സ്വദേശിയുമായവിനോയ് തോമസ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ തന്റെ പ്രശസ്ത നോവൽ 'പുറ്റ്' രൂപപ്പെടാൻ കാരണം ബെന്നി തോമസ് എന്ന മനുഷ്യനാണെന്ന് അദ്ദേഹം കുറിച്ചു.
പ്രീഡിഗ്രി തോറ്റ്, പണിപഠിക്കാൻ ഒരു വർക്ക്ഷോപ്പ് പോലും കിട്ടാതെ അലഞ്ഞ കൗമാരകാലത്ത് തുണയായത് അന്നു വളർന്നുവരുന്ന രാഷ്ട്രീയ നേതാവായിരുന്ന ബെന്നിച്ചേട്ടനാണ്. ആഴ്ചയിൽ 25 രൂപ കൂലിക്കു തനിക്ക് ആദ്യമായി ജോലി വാങ്ങിത്തന്നത് അദ്ദേഹത്തിന്റെ ഇടപെടലാണെന്നു നോവലിസ്റ്റ് ഓർക്കുന്നു. 'പുറ്റ്' എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ ജറമിയാസിന്റെ നല്ല വശങ്ങളെല്ലാം ബെന്നി തോമസ് എന്ന മനുഷ്യൻ ജീവിതത്തിൽ കാണിച്ചുതന്ന പാഠങ്ങളാണ്. നോവലിന്റെ ഒടുവിൽ ജറമിയാസിനെ ദുരന്തത്തിലേക്ക് തള്ളിവിട്ടതിനു ബെന്നിച്ചേട്ടനെ അറിയുന്ന വായനക്കാർ തന്നെ ചീത്തവിളിച്ച കാര്യവും അദ്ദേഹം പങ്കുവച്ചു.
ഉളിക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി ബെന്നി തോമസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കീ റിസോഴ്സ് പേഴ്സണായി നോവലിസ്റ്റും ഒപ്പമുണ്ടായിരുന്നു. ഒരു നാടിനെ അടിമുടി പുതുക്കിപ്പണിയാൻ തദ്ദേശ ഭരണകൂടത്തിന് എങ്ങനെ കഴിയുമെന്ന് കാണിച്ചുതന്ന ആ കാലഘട്ടവും മറ്റൊരു വലിയ നോവലിനുള്ള ഉള്ളടക്കമാണെന്ന് അദ്ദേഹം പറയുന്നു. 'പുറ്റ്' നോവൽ പതിനൊന്നാം പതിപ്പിലെത്തി നിൽക്കുന്ന ഈ വേളയിൽ, തനിക്ക് പ്രിയപ്പെട്ട ഒരാളെക്കുറിച്ച് സംസ്ഥാനം മുഴുവൻ ചർച്ച ചെയ്യുമ്പോൾ സന്തോഷം തോന്നുന്നുവെന്നും, ആ ജനകീയത തന്നെയാണ് അദ്ദേഹത്തിന്റെ ഗ്യാരന്റിയെന്നും നോവലിസ്റ്റ് ഫേസ്ബുക്കിൽ കുറിച്ചു.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ബെന്നി തോമസിന്റെ പേര് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഘട്ടത്തിലാണ് വിനോയ് തോമസിന്റെ പ്രതികരണം.
Comments
Post a Comment