സ്‌കൂൾ പരിസരത്തെ മാലിന്യം തള്ളലിനെതിരെ കുട്ടികളുടെ പ്രതിരോധ മതിൽ
ആറ്റടപ്പ: സ്കൂൾ പരിസരത്തെ റോഡിനിരുവശത്തും വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യങ്ങൾ വലിച്ചറിയുന്നതിനെതിരെ പരിസ്ഥിതി ദിനത്തിൽ പ്രതിരോധ മതിൽ തീർത്ത് ആറ്റടപ്പ സൗത്ത് യു പി സ്കൂൾ കുട്ടികൾ. സ്കൂൾ തുറന്ന ദിവസം പുതുതായി സ്കൂളിൽ പ്രവേശനം നേടിയ ഒരു കുട്ടിയാണ് ഈ പ്രശ്നം പ്രധാന അധ്യാപകൻ സി.ബിഗേഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മാലിന്യം വലിച്ചെറിയുന്നതിന്റെ ഫലമായി തെരുവ് നായ്ക്കൾ ഇവിടെ താവളമടിക്കുന്നതായും, അതുകാരണം വഴിയാത്രക്കാർ ഭീതിയിൽ ആണെന്നും കുട്ടി അധ്യാപകനോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ശാസ്ത്ര ക്ലബ്ബ് ഇവിടെ ബോർഡ് സ്ഥാപിച്ചു. മാലിന്യ നിക്ഷേപത്തിനെതിരെ തീർത്ത പ്രതിരോധ മതിൽ കോർപ്പറേഷൻ കൗൺസിലർ എം.പ്രിയ ഉദ്ഘാടനം ചെയ്തു. വി ബാലകൃഷ്ണൻ അധ്യക്ഷനായി. ജനു ആയിച്ചാൻ കണ്ടി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി പ്രവർത്തകൻ കെ കെ നാസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ബിഗേഷ്, കെ.കെ.പ്രദീപൻ ,പി.കെ സുജയ്, എ.സംജു, വിഷ്ണുപ്രസാദ്, സിദ്ധാർത്ഥ് ,വി.കെ.അമൃത എന്നിവർ സംസാരിച്ചു.
Comments
Post a Comment