മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ സമയക്രമം ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
കണ്ണൂർ:കേരള മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം സംബന്ധിച്ച സർക്കുലർ കേരള ഹൈക്കോടതി ശരിവെച്ചു
കേരള മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം രാവിലെ 10. മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമായി നിജപ്പെടുത്തിയ ഗതാഗത കമ്മീഷണറുടെ സർക്കുലർ ചോദ്യം ചെയ്തുകൊണ്ട് ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയാണ്ഹൈക്കോടതി തള്ളിയത്.
പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമർപ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനവും ഭരണനിർവഹണവും ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് ഈ ക്രമീകരണം കൊണ്ടുവന്നിരിക്കുന്നതെന്നും ഓഫീസ് പ്രവർത്തന സമയം നിശ്ചയിക്കുകയെന്നത് ഭരണപരമായ അധികാരത്തിൽ ഉൾപ്പെടുന്നതാണെന്നും ഹൈകോടതി നിരീക്ഷിച്ചു. ഇതുകൂടാതെ ഓഫീസുകളിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള സന്ദർശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, ഓഫീസ് പ്രവർത്തനസമയമൊട്ടാകെ ഇലക്ട്രോണിക് ലഭ്യമാണെന്ന വസ്തുതയും കോടതി പ്രത്യേകം രേഖപ്പെടുത്തി.
സർക്കുലറിൽ യുക്തിരഹിതമോ നിയമവിരുദ്ധമോ സ്വേച്ഛാധിപത്യപരമോ മായ യാതൊരു കാര്യവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
ഇത്തരം സാഹചര്യത്തിൽ പൊതുതാൽപര്യ ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയ കോടതി ഹർജി തള്ളിക്കളഞ്ഞു. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പൊതുജന പ്രവേശന സമയം രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയായിരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു
പൊതുജനങ്ങൾ ആധാർ അധിഷ്ഠിത സേവനങ്ങൾ തിരഞ്ഞെടുത്താൽ ഓഫീസിൽ വരേണ്ടതോ അപേക്ഷകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതോ യില്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ ചൂണ്ടിക്കാട്ടി.
Comments
Post a Comment