മൈസൂരിൽ റസ്‌റ്റോ പബ്ബിൽ തീപ്പിടിത്തം: രണ്ട് പേർ മരിച്ചു
മൈസൂര് :മൈസൂരുവിലുള്ള റെസ്റ്റോ പബ്ബിലുണ്ടായ (റസ്റ്ററന്റും പബ്ബും ചേര്‍ന്ന കേന്ദ്രം) തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉടമയടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഡാര്‍ജിലിങ് സ്വദേശിയായ സാഹിന്‍ (26), നേപ്പാള്‍ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. പബ്ബിലെത്തിയ ചിലരും പബ്ബ് ഉടമ പ്രീതം പുമീതുമാണ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. പതിനഞ്ചോളം പേരെ തങ്ങള്‍ രക്ഷപ്പെടുത്തിയതായും ഇവര്‍ നിസ്സാര പരിക്കുകളോടെ അപകടനില തരണംചെയ്തതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ പൂര്‍ണമായും അണച്ചതായും പബ്ബിലെ ജീവനക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. പ്രാഥമിക നിഗമനമനുസരിച്ച് ഷോർട്ട്സര്‍ക്കിറ്റാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. പബ്ബിലുണ്ടായിരുന്ന മരം കൊണ്ടുള്ള അലങ്കാരവസ്തുക്കളിലേക്ക് തീ പടര്‍ന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടിയതാകാമെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലിസും ഫയര്‍ഫോഴ്‌സും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comments
Post a Comment