നഷ്‌ടമായത് കൂടെപ്പിറപ്പിനെ ,സലിം കുമാർ എപ്പോഴും ചിരിപ്പിച്ചു കൊണ്ടേയിരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
കൊച്ചി:സലീം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. തൻ്റെ ജീവിതത്തിൽ ഏറെ സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു സലീം കുമാറെന്നും കൂടെപ്പിറപ്പ് കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാർ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരൻ. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല.
അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവൻ മനസിൽ. ഹാസ്യം മാത്രമല്ല ഏത് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ. എത്രമേൽ നമ്മെ സന്തോഷിപ്പിച്ചുവോ അതിലേറെ കരയിച്ച കഥാപാത്രങ്ങളെയും അദ്ദേഹം അനായസം അവതരിപ്പിച്ചു. പ്രതിഭാ സമ്പന്നതയും വ്യക്തി ബന്ധങ്ങളിൽ അതിലേറെ ആത്മാർത്ഥതയും കാട്ടിയ പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം.
ശരിക്കും പറവൂരുകാർ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു അതായിരുന്നു സലിം കുമാർ. എല്ലാവരെയും ചിരിപ്പിച്ചു. ഇപ്പോൾ എല്ലാവരെയും കരയിച്ചുള്ള യാത്ര. സുനിതയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. അവരുടെ മാത്രം ദുഖമല്ലല്ലോ. സലിം കുമാർ എന്ന അതുല്യ കലാകാരൻ നമ്മെ എപ്പോഴും ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെ ആഗ്രഹിക്കാനാണ് എനിക്കിഷ്ടമെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ അറിയിച്ചു
Comments
Post a Comment