ഡിജിറ്റൽ സർവേ നടത്തിയതിലെ അപാകതകൾ പരിഹരിക്കണം: കണ്ണൂർ കോർപറേഷൻമേയർ റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
കണ്ണൂര്‍: കണ്ണൂർ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെയും സ്ഥലങ്ങള്‍ ഡിജിറ്റല്‍ സര്‍വ്വെ നടത്തിയതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന് നിവേദനം നൽകി.
ഡിജിറ്റൽ സർവ്വേയിലെ അപാകതകൾകാരണം എന്‍റെ ഭൂമി എന്ന പോര്‍ട്ടലില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പേരിലല്ലാതെ സ്വകാര്യ വ്യക്തികളുടെ പേരില്‍ രേഖപ്പെടുത്തി സര്‍വ്വേ വിഭാഗം രജിസ്റ്റര്‍ ചെയ്ത് വരികയാണ്.
2000-ലെ ട്രാന്‍സ്ഫര്‍ ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആക്ട് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ കീഴിലുള്ള സ്ഥലങ്ങള്‍, മൃഗാശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവയ്ക്ക് ആധാരങ്ങളോ മറ്റ് രേഖകളോ കോര്‍പ്പറേഷന് ലഭ്യമല്ല. ഈ സ്ഥലങ്ങളില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ പ്രകാരം കെട്ടിടനിര്‍മ്മാണപ്രവൃത്തികള്‍ നടത്തുമ്പോഴും, പുതിയ രീതിയിലുള്ള ടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നടപടി സ്വീകരിക്കുമ്പോഴും എന്‍റെ ഭൂമി പോര്‍ട്ടലില്‍ പ്രസ്‌തുത സ്ഥലങ്ങള്‍ സ്വകാര്യവ്യക്തികളുടെ പേരില്‍ തെറ്റായി രേഖപ്പെടുത്തിയത് കാരണം ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ അധികാരികളെ ബന്ധപ്പെട്ടപ്പോള്‍ കോര്‍പ്പറേഷന് അനുകൂലമായ നിലപാട് എടുക്കാതെ പഴയ ആധാരങ്ങളും അനുബന്ധ രേഖകളും സ്കെച്ചും ഹാജരാക്കിയാല്‍ മാത്രമേ രജിസ്ട്രേഷന്‍ നടത്തുകയുള്ളൂ അല്ലെങ്കില്‍ പേര് മാറ്റുകയുള്ളൂ എന്ന രീതിയിലുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് മേയർ നിവേദനത്തിൽ പറഞ്ഞു. ഉദാഹരണമായി നിലവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുഴാതി പി എച്ച് സി ക്ക് അത്താഴക്കുന്ന് എന്ന സ്ഥലത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് മുഖേന ലഭ്യമായ 55 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിനുള്ള ഭൂമി ഈ രീതിയില്‍ തെറ്റായി സ്വകാര്യവ്യക്തിയുടെ സ്ഥലമാക്കി കാണിക്കുകയും തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും ഇതുപരിഹരിച്ച് ഈ സ്ഥലം കോര്‍പ്പറേഷന് തിരികെ അനുവദിച്ചിട്ടില്ലാത്തതിനാല്‍ 55 ലക്ഷം നഷ്ടമാകുമെന്ന് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ ഗസറ്റ് വിജ്ഞാപനം പ്രകാരം സര്‍വ്വേ നമ്പറുകളില്‍ ഇന്‍ഡിവിജ്വല്‍ ആയിട്ടുള്ള സ്ഥലങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളും ഉടമയുടെ പേരും സ്ഥലവും അന്തിമ നോട്ടിഫിക്കേഷന്‍ മുഖേന എന്‍ട്രി ചെയ്താല്‍ മാത്രമേ ഇതിന്‍റെ നിയമപരമായ വാലിഡിറ്റി നിലനില്‍ക്കുകയുള്ളൂ. നിലവിലെ ക്രെഡന്‍ഷ്യല്‍സ് അനുസരിച്ച് വില്ലേജ് റെക്കോര്‍ഡുകളിലും സര്‍വ്വേ നമ്പറുകളുടെ മുന്‍ ആധാരങ്ങളും വഴികളും അനുസരിച്ചുള്ള സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പോലുള്ള ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ കൂടി വെച്ചു കഴിഞ്ഞാല്‍ നിയമപരമായി വളരെയധികം തടസ്സവാദങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. ഇതു കൂടാതെ കേരള മുന്‍സിപ്പാലിറ്റീസ് ആക്ട് 219 പ്രകാരം പുഴകളും തോടുകളും കുളങ്ങളും നീര്‍ച്ചാലുകളും ഡ്രൈനേജുകളും മറ്റും സ്വമേധയാ കോര്‍പ്പറേഷന് വിട്ടുനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളതാണ്. ഈ ഉത്തരവിന് വിരുദ്ധമായിട്ട് ആസ്തി എന്ന രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേരില്‍ ഉള്ളത് രേഖപ്പെടുത്താതെ പോകുന്നതും വളരെയധികം ഗുരുതരമായി ബാധിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ ലഭ്യമാകണമെങ്കില്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതും നമ്മുടെ പേരില്‍ ഉള്ളതുമായ സ്ഥലങ്ങള്‍ക്ക് മാത്രമേ ഫണ്ട് ലഭ്യമാവുകയുള്ളൂ. റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഈ രീതിയിലുള്ള തെറ്റായ നടപടി മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം വരുന്നു.
അത്പോലെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍ അളവ് കുറച്ചും ഉടമസ്ഥത തെറ്റായി കൈമാറിയും സര്‍വ്വെ ചെയ്തത് കാരണം ജനങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണ പെര്‍മ്മിറ്റിന് അപേക്ഷിക്കാനാവാത്ത സാഹചര്യവുമുണ്ട്. ഇതുകാരണം ജനങ്ങള്‍ കൂട്ടമായി കോർപറേഷൻ ഓഫീസിലെത്തി പരാതിപ്പെടുകയാണ്. ഈ വിഷയത്തിൽ
ശാസ്ത്രീയമായ രീതിയില്‍ ഒരു പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സംയുക്തമായി ഒരു മീറ്റിംഗ് സ്റ്റേറ്റ് ലെവലില്‍ നടത്തണമെന്നും അതുമുഖാന്തിരം ഇതിനൊരു ഗൈഡ്ലൈന്‍സ് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റിന് പ്രത്യേകമായി കൈമാറണമെന്നും സര്‍വ്വെ നടപടികളിലെ അപാകതകള്‍ പൂര്‍ണ്ണമായി പരിഹരിക്കണമെന്നും മേയർ അഡ്വ പി ഇന്ദിര നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Comments
Post a Comment