പാട്ടിന്റെ തേൻമഴ പെയ്യിച്ച ജാനകിയമ്മ; മലയാളികൾ നെഞ്ചേറ്റിയ 10 നിത്യഹരിത ഗാനങ്ങൾ


കണ്ണൂർ:മലയാളികളുടെ അന്തരംഗങ്ങളെ സ്പർശിച്ച സ്വരമാധുര്യമാണ് എസ്. ജാനകിയുടേത്. 1957-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അവർ തുടങ്ങിയ ആ സംഗീത യാത്ര ഇന്നും മലയാളികളുടെ ഹൃദയത്തിൽ തേനും വയമ്പുമായി നിറഞ്ഞുനിൽക്കുന്നു. വരികളുടെ അർത്ഥവും ഉച്ചാരണ ശുദ്ധിയും കൃത്യമായി മനസ്സിലാക്കി പാടുന്ന ജാനകിയമ്മയുടെ ആലാപന ശൈലി മറ്റുള്ളവരിൽ നിന്നും എന്നും വേറിട്ടുനിൽക്കുന്നതാണ്. ജാനകിയമ്മയുടെ ശബ്ദത്തിൽ വിരിഞ്ഞ, കാലാതീതമായ ചില ഗാനങ്ങൾ ഇതാ

താനേ തിരിഞ്ഞും മറിഞ്ഞും (അമ്പലപ്രാവ്, 1970): പി. ഭാസ്കരൻ – എം.എസ്. ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം ആസ്വാദകഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ച ഒന്നാണ്.

മലർ കൊടി പോലെ (വിഷുക്കണി, 1977): മലയാളികൾ ഇന്നും ഏറ്റുപാടുന്ന അതിമനോഹരമായ ഈ താരാട്ടുപാട്ടിന് വരികളെഴുതിയത് ശ്രീകുമാരൻ തമ്പിയും സംഗീതം നൽകിയത് സലിൽ ചൗധരിയുമാണ്.

കിളിയേ കിളിയേ (ആ രാത്രി, 1983): പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയ ഈ ഗാനം ജാനകിയമ്മയുടെ സ്ഥാനം മലയാളികളുടെ ഹൃദയത്തിൽ ഉറപ്പിച്ചു.
തുമ്പീ വാ (ഓളങ്ങൾ, 1982): ഒ.എൻ.വി. കുറുപ്പിന്റെ വരികളും ഇളയരാജയുടെ സംഗീതവും ജാനകിയുടെ നിത്യയൗവന ശബ്ദവും ചേർന്നപ്പോൾ ഈ ഗാനം ഒരു ജീവരാഗമായി മാറി.

കണ്ണു കണ്ണും തമ്മിൽ തമ്മിൽ (അങ്ങാടി, 1980): ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം നൽകിയ ഈ പ്രണയഗാനം യേശുദാസിനൊപ്പമാണ് ജാനകിയമ്മ പാടിയത്.

സന്ധ്യേ കണ്ണീരിതെന്തേ (മദനോത്സവം, 1977): സലീൽ ചൗധരി- ഒ.എൻ.വി. കുറുപ്പ് – എസ്. ജാനകി വസന്തം പെയ്തിറങ്ങിയ ഈ ഗാനം തലമുറകളെ പാട്ടിലാക്കി.

മിഴിയോരം നനഞ്ഞൊഴുകും (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, 1980): ജെറി അമൽ ദേവിന്റെ സംഗീതത്തിൽ പിറന്ന ഈ ഗാനം കേരളക്കരയിൽ ഒരു മഞ്ഞുകാലം തന്നെ സൃഷ്ടിച്ചു.

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം, 1980): എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ പിറന്ന ഈ വിരഹഗാനം മലയാളി ഹൃദയം കൊണ്ടാണ് ഏറ്റുവാങ്ങിയത്.

സ്വർണ മുകിലേ (ഇതു ഞങ്ങളുടെ കഥ, 1982): ജോൺസൺ മാസ്റ്ററുടെ സംഗീതത്തിന് ജാനകിയമ്മ സ്വരമായപ്പോൾ ആ ഗാനം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

ആടി വാ കാറ്റേ പാടി വാ കാറ്റേ (കൂടെവിടെ, 1983): ഒ.എൻ.വി. കുറുപ്പ് – ജോൺസൺ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം പുതുമഴയായ് മലയാളികളുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി.

മാതൃത്വത്തിന്റെ മാധുര്യവും പ്രണയത്തിന്റെ ആർദ്രതയും ഒരുപോലെ ഉൾക്കൊണ്ട് പാടുന്ന ജാനകിയമ്മ, മലയാള സിനിമയിലെ താരാട്ടുപാട്ടുകൾക്കും പ്രണയഗാനങ്ങൾക്കും നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. നിത്യ നിർവൃതി നൽകി തലമുറകളെ പാട്ടിൽ ലയിപ്പിച്ചു ജാനകിയമ്മയ്ക്ക് വിട പറയുകയാണ് സംഗീതപ്രേമികൾ



Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം