ഇരട്ടക്കുതിപ്പിനു പിന്നാലെ വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് വീണ്ടും 1.07 ലക്ഷം കടന്നു
കണ്ണൂർ:സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഗ്രാമിന് 13,475 രൂപയിലും പവന് 1,07,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 100 രൂപ വര്‍ധിച്ച് 11,075 രൂപയിലും പവന് 800 രൂപ വര്‍ധിച്ച് 88,600 രൂപയിലുമെത്തി.
രണ്ടു ദിവസത്തെ ഇരട്ടക്കുതിപ്പിനു പിന്നാലെയാണ് ഇന്നും സ്വർണവില കുതിപ്പ് തുടരുന്നത്. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി പവന് 2,480 രൂപ വർധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ പവന് 4560 രൂപയാണ് വർധിച്ചത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
Comments
Post a Comment