രത്‌നമ്മ കണ്ടത് സുകുമാരകുറുപ്പിനെയോ? ജീവനോടെയുണ്ടോ ചാക്കോ വധ കേസിലെ പ്രതി 42 വർഷത്തിന് ശേഷം കുറുപ്പിനെ പിടികൂടാൻ പൊലിസ്



കൊച്ചി:കൊല്‍ക്കത്തയില്‍ ജോലി ചെയ്യവേ താന്‍ സുകുമാരക്കുറുപ്പിനെ കണ്ടെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവങ്ങള്‍ ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. താന്‍ അന്ന് ആശുപത്രിയില്‍ കണ്ടത് സുകുമാരക്കുറുപ്പിനെയാണെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ കേസില്‍ ആ വെളിപ്പെടുത്തല്‍ മറ്റൊരു വഴിതുറന്നിരിക്കുകയാണ്. സംഭവത്തില്‍ രത്‌നമ്മയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. 
താന്‍ 1988ല്‍ കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ സുകുമാരക്കുറുപ്പ് വന്നിരുന്നുവെന്നാണ് രത്‌നമ്മ പറയുന്നത്. നെഞ്ചുവേദനയായി ചികിത്സയ്ക്ക് വന്നതായിരുന്നു ആ ആള്‍. അയാളുടെ ചരിത്രവും രൂപവും കണ്ട് സംശയം തോന്നിയ സീനിയേഴ്‌സ് വന്ന് പറഞ്ഞപ്പോഴാണ് ആ രോഗിയുടെ അടുത്തേക്ക് താനെത്തിയത്. താന്‍ സുകുമാരക്കുറുപ്പിന്റെ അയല്‍വാസി കൂടിയായതിനാല്‍ കണ്ടപ്പോള്‍ തന്നെ അത് അയാളെന്ന് ഉറപ്പിച്ചു. താന്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്നും മലയാളം സംസാരിക്കുമെന്നും ആ ആള്‍ തന്നോട് പറഞ്ഞു. താന്‍ കേരളത്തില്‍ നിന്നാണെന്നും വീട് ചെറിയനാടാണെന്നും ശിവരാമക്കുറിപ്പിന്റെ ( സുകുമാരക്കുറിപ്പിന്റെ അച്ഛന്റെ പേര്) അയല്‍വാസിയാണെന്നും കൂടി താന്‍ അയാളോട് പറഞ്ഞു. അത് കേട്ടതോടെ അയാളില്‍ മാറ്റമുണ്ടായി. വാര്‍ഡിലേക്ക് മാറ്റിയതും അയാളെ കാണാതായെന്നും രത്‌നമ്മ പറഞ്ഞു.
1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പ് ഒളിവിലാകുന്നത്. സുകുമാരക്കുറുപ്പിനെ പലയിടങ്ങളില്‍ കണ്ടു എന്ന് പല കാലത്തും പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ നാളിതുവരെ നടത്തിയ തിരച്ചിലുകളെല്ലാം വ്യര്‍ഥമാകുകയായിരുന്നു. ഏറെക്കാലം മറവിലാണ്ടുപോയ സുകുമാരക്കുറുപ്പ് പിന്നീട് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതുകഴിഞ്ഞും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുകുമാരക്കുറുപ്പിനെക്കുറിച്ച് ഇങ്ങനെയൊരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം