പയ്യാമ്പലത്തെ തെരുവ് കച്ചവടങ്ങൾ ഒഴിപ്പിക്കുന്ന നടപടി തുടരുമെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര
കണ്ണൂർ:മാരക പകർച്ചവ്യാധി രോഗങ്ങൾ ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലത്തെ അനധികൃത പെട്ടികടകൾ ഒഴിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്ന് മേയർ അഡ്വക്കറ്റ് പി. ഇന്ദിര കോർപറേഷൻകൗൺസിൽ യോഗത്തിൽ പറഞ്ഞു. പയ്യാമ്പലം കടൽ തീരത്തെ റോഡരികിലെ തട്ടുകടകൾ ഒഴിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകണമെന്ന് പഞ്ഞിക്കയിൽ ഡിവിഷൻ കൗൺസിലർ ഉമേശന്‍ കണിയാങ്കണ്ടിയും ആവശ്യപ്പെട്ടു. പള്ളിക്കുന്ന് സെൻട്രൽ ജയിൽ പരിസരത്തെ കൂടുതൽ വീടുകളിലെ കിണറുകളിൽ ഇന്ധന ചോർച്ച കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികൾ ഉണ്ടാകണമെന്ന് കൗൺസിലർ അനൂപ് ബാലൻ ആവശ്യപ്പെട്ടു. തെരുവുനായ്ക്കൾ വർദ്ധിച്ചു വരികയാണെന്നും നായകളെ പിടികൂടാനുള്ള നടപടികൾ ഉണ്ടാവണമെന്നും കുന്നാവ് ഡിവിഷൻ കൗൺസിലർ സീത ആവശ്യപ്പെട്ടു . തെരുവ് നായ വിഷയത്തിൽ വാക്സിനേഷൻ നടപടികൾ നടന്നു വരികയാണെന്നും തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. - -പയ്യാമ്പലത്ത് തെരുവോര കച്ചവടത്തിന്റെ മറവിൽ മാഫിയ പ്രവർത്തനം നടക്കുന്നുണ്ടെന്നും രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്യണമെന്നും കോർപ്പറേഷൻ സെക്രട്ടറി യോഗത്തിൽ പറഞ്ഞു. പയ്യാമ്പലം കടൽത്തീരത്തെ റോഡരികിലെ തട്ടുകടക്കാരെ പുനരധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാതെ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് സിപിഎം കൗൺസിലർ.വി കെ പ്രകാശിനി പറഞ്ഞു.
Comments
Post a Comment