നീറ്റ് പരീക്ഷാ ക്രമക്കേട് ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കണ്ണൂർ കോർപ്പറേഷൻ
കണ്ണൂർ:നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് എതിരെയും ജനപ്രതിനിധികൾക്കെതിരെയുള്ള ക്രൂരമർദ്ദനങ്ങൾക്കെതിരെയും പ്രമേയവുമായി കൗൺസിൽ യോഗം. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്ത നീറ്റ് പരീക്ഷാക്രമിക്കേടിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവും നമ്മുടെ രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാർത്ഥികൾക്കെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും ജനപ്രതിനിധികൾക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഉള്ള ക്രൂരമർദ്ദനങ്ങൾക്കെതിരെയും കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിക്കുന്നു എന്ന് കാണിച്ചാണ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്. മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റിയാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത്. പ്രതിഷേധിക്കുന്നവരെ പാക്കിസ്ഥാൻ ഭീകരവാദികളായും ചൈനീസ് ചാരന്മാരും ആയി ചിത്രീകരിക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസരംഗം പ്രാകൃതയുഗത്തിലേക്ക് പോവുകയാണെന്നും പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ഭീകരമായ വേട്ടയാടലുകൾ നടക്കുകയാണെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. നഗരസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ പ്രമേയത്തെ പിന്തുണിച്ചു സംസാരിച്ചു. ജനാധിപത്യത്തിന്റെ ശക്തി വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നതിലാണ്. വിദ്യാർത്ഥികൾ ഒരു രാജ്യത്തിന്റെ ഭാവി മാത്രമല്ല സമൂഹത്തിന്റെ മനസാക്ഷി കൂടിയാണ്. അവർ ഉയർത്തുന്ന ആവശ്യങ്ങൾ കേൾക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നത് ഏത് ജനാധിപത്യ ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്ന് ഷമീമ ടീച്ചർ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഡെപ്യൂട്ടി മേയർ കെ പി താഹിർ, അനൂപ് ബാലൻ, വി കെ പ്രകാശിനി ടീച്ചർ എന്നിവരും പ്രമേയത്തെ എതിർത്തുകൊണ്ട് പി മഹേഷ് എന്നവരും സംസാരിച്ചു.
കണ്ണൂക്കര ശ്മശാനത്തിലെ 50 സെന്റ് സ്ഥലം വനവകുപ്പിന് കൈമാറുന്നത് സംബന്ധിച്ച അജണ്ടയിൽ നിലവിൽ വികസന പ്രവർത്തനങ്ങൾക്ക് തന്നെ കോർപ്പറേഷൻ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യമാണെന്നും കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ശ്മശാന ഭൂമി വിട്ടു നൽകില്ലെന്നും മേയർ അഡ്വ ഇന്ദിര പറഞ്ഞു. ഭൂമി കൈമാറേണ്ടതില്ലെന്ന് കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.മുനീശ്വരൻ കോവിലിന് മുൻവശം കോർപ്പറേഷൻ ഭൂമി കയ്യേറാൻ റെയിൽവേ ശ്രമിക്കുന്നുണ്ടെന്നും ഇതു അനുവദിക്കില്ലെന്നും മേയർ പറഞ്ഞു.
ഐ എം എ ഹാൾ മുതൽ യോഗശാല റോഡ് വരെയുള്ള റോഡിന് ചിന്മയാനന്ദ റോഡെന്ന് നാമകരണം ചെയ്യുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
Comments
Post a Comment