ചോദ്യപേപ്പറിൽ തുടങ്ങിയ രാഷ്ട്രീയജീവിതം; ചോദ്യപേപ്പറിൽ തെറിച്ച കസേര, ജയിച്ചത് വിദ്യാർഥി പ്രക്ഷോഭം




ന്യൂഡൽഹി:ചരിത്രം ചിലരുടെ ജീവിതത്തിൽ ചില യാദൃച്ഛികതകൾ കരുതിവയ്ക്കും. മൂന്നുപതിറ്റാണ്ടുമുൻപ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ തെരുവിൽ പോലീസിന്റെ ലത്തിച്ചാർജും എല്ലുപൊട്ടുന്ന മർദനവും ഏറ്റുവാങ്ങിയ ഒരു എ.ബി.വി.പി. വിദ്യാർഥി, ഇന്ന് അതേ പ്രശ്‌നത്തിൻ്റെ പേരിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ ദിവസങ്ങളായി തെരുവിൽ ചോദ്യംചെയ്തതോടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. പ്രധാനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയതിരിച്ചടിയാണിത്.

1997-ൽ ഒഡിഷയിൽ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർന്നപ്പോൾ, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തഞ്ഞൂറോളം വിദ്യാർഥികളെ അണിനിരത്തി സമരം നയിച്ച എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു പ്രധാൻ. അന്ന് ആ പ്രതിഷേധത്തിനുനേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയും ധർമേന്ദ്ര പ്രധാൻ്റെ എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്‌തു. അന്ന് നടത്തിയ ആ പോരാട്ടം പിന്നീട് ഒഡിഷയിൽ ബി.ജെ.പി.ക്ക് സംഘടനാപരമായ അടിത്തറയുണ്ടാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. ധർമേന്ദ്ര പ്രധാനെ ബി.ജെ.പി. നേതൃത്വത്തിലേക്കെത്തിക്കുന്നതിലും ആ പോരാട്ടം വലിയ പങ്കാണ് വഹിച്ചത്.

എന്നാൽ കാലം തിരിച്ചുവെച്ച വിധിപോലെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും രാജ്യമൊട്ടാകെ കൊടുങ്കാറ്റായപ്പോൾ വിചാരണക്കൂട്ടിൽനിന്നത് അതേ ധർമേന്ദ്ര പ്രധാൻതന്നെയായിരുന്നു. അന്ന് ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാരിന്റെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർഥി നേതാവ്, ഇന്ന് സമാനമായ വിഷയത്തിൽ ജനരോഷം തടയാനാവാതെ പ്രതിക്കൂട്ടിലായി. സി.ജെ.പി. നേതാക്കളുടെ നേതൃത്വത്തിൽ ജന്തർമന്ദറിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം രാജ്യത്തുടനീളം പടർന്നുപിടിച്ചതോടെ കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ശക്തമായി.

രാജ്യംമുഴുവൻ പ്രതിഷേധമുയർന്നിട്ടും രാജിവയ്ക്കാൻ തയ്യാറാവാതെ മന്ത്രിസഭയിൽ കടിച്ചുതൂങ്ങുകയായിരുന്നു അദ്ദേഹം. അതല്ല, വീഴ്ച സംഭവിച്ചു എന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ ബി.ജെ.പി. സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ, രാജിയാവശ്യത്തിൽനിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്ന് സി.ജെ.പി. നിലപാടിലുറച്ചതോടെ ബി.ജെ.പി.ക്ക് ഗത്യന്തരമുണ്ടായില്ല.

മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, പ്രക്ഷോഭകർക്കെതിരേയുള്ള നിയമനടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന ഉപാധിയിൽ വിദ്യാർഥികൾ ഉറച്ചുനിൽക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള പുതിയ ബില്ലിന് അംഗീകാരം നൽകിയും, എൻ.ടി.എ.യിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടും സ്ഥിതിഗതികൾ ശാന്തമാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. ഒടുവിൽ പ്രക്ഷോഭകരുമായുള്ള മൂന്നാംവട്ട ചർച്ചകൾക്ക് തൊട്ടുമുൻപ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പോരാട്ടത്തിലൂടെ ഉയർന്നുവന്ന ഒരു നേതാവ്, അതേ വിഷയത്തിൽ ഉയർന്ന ജനരോഷത്തിന് മുന്നിൽ പടിയിറങ്ങേണ്ടിവന്നു എന്നത് ചരിത്രത്തിലെ കൗതുകകരമായ ഒരധ്യായമായി നിലനിൽക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം