വരൂ ബിഗ് സ്‌ക്രീനിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാം: ജവഹർ സ്റ്റേഡിയത്തിൽ ഫാൻ പാർക്ക് ഒരുക്കി കോർപറേഷൻ
കണ്ണൂർ:ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്നുമുതൽ തുടക്കം കുറിക്കുന്നതോടെ കളി ആവേശത്തിലാണ് കണ്ണൂരിലെ ഫുട്ബോൾ ആരാധകർ. ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്ന കണ്ണൂർ ജനതക്കായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഫാൻ പാർക്ക് ഒരുങ്ങി. ഒരേസമയം 2500 ഓളം പേർക്ക് കളി കാണാൻ പറ്റുന്ന ആധുനിക ജർമൻ പന്തൽ സംവിധാനവും, 400 ചതുരശ്ര അടി വലിപ്പം വരുന്ന കേരളത്തിലെ ഏറ്റവും വലിയ എൽഇഡി സ്ക്രീനും മികച്ച ശബ്ദ സംവിധാനവും ഫാൻ പാർക്കിൽ സ്ഥാപിക്കും. ഇന്ന് (ശനി)രാത്രി 10:30 മണിക്ക് പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ കാനഡ മൊറോക്കോയുമായി ഏറ്റുമുട്ടും. ഈ മത്സരം മുതൽ ഫൈനൽ വരെയുള്ള കളികൾ ഫാൻ പാർക്കിൽ സൗജന്യമായി വീക്ഷിക്കാനാവും. പയ്യാമ്പലം ബീച്ചിലാണ് ഫാൻ പാർക്ക് സംഘടിപ്പിക്കാൻ ആദ്യം ഉദ്ദേശിച്ചതെങ്കിലും മഴയും ബീച്ചിലെ കരയിടിച്ചിലും പ്രതികൂലമാകും എന്നതിനാലാണ് കോർപ്പറേഷൻ ജവഹർ സ്റ്റേഡിയത്തിൽ ഫാൻ പാർക്ക് സജ്ജീകരിച്ചത്. ഫാൻ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ സുധാകരൻ എം.പി നിർവഹിക്കും. മേയർ അഡ്വ. പി.ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ , ശ്രീജ മഠത്തിൽ , റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, അഡ്വ സോന ജയറാം , കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ തുടങ്ങിയവർ സന്നിഹിതരാകും.
Comments
Post a Comment