വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കല്‍: കണ്ണൂര്‍ കോര്‍പറേഷനെതിരെ സമരവുമായി ഐ. എന്‍. ടി.യു.സി, ഒന്‍പതിന് കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും



 കണ്ണൂര്‍: പയ്യാമ്പലത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുളള യുഡി. എഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനെതിരെ കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ. എന്‍. ടി.യു.,സി.  വഴിയോര കച്ചവടക്കാര്‍ക്കെതിരെ കോര്‍പറേഷന്‍ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  കേരള പ്രദേശ് വഴിയോര കോണ്‍ഗ്രസ് ( ഐ. എന്‍.ടി.യു.സി) ജൂലായ് ഒന്‍പതിന്  രാവിലെ  പത്തുമണിക്ക് കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഐ. എന്‍.ടി.യു.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഡോ ജോര്‍ജ് പ്‌ളാത്തോട്ടം കണ്ണൂര്‍ പ്രസ് ക്‌ളബില്‍ അറിയിച്ചു. 
വഴിയോര കച്ചവടക്കാരുടെ തൊഴില്‍ സംരക്ഷിക്കുക, നിലവിലുളള മുഴുവന്‍ വഴിയോര കച്ചവടക്കാര്‍ക്കും പുതിയ സര്‍വേ നടത്തി സ്ട്രീറ്റ് വേണ്ടര്‍സ് കാര്‍ഡ് അനുവദിക്കുക, കോഴിക്കോട് മോഡല്‍ പുനരധിവാസം പയ്യാമ്പലം ബീച്ചിലും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങളായി ത്ങ്ങളുടെ കുടുംബം പോറ്റാന്‍ തെരുവോരങ്ങളില്‍ കച്ചവടം ചെയ്തുവരുന്ന വിധവകളും ഭിന്നശേഷിക്കാരും അതിസാധാരണക്കാരുമായവരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഒഴിപ്പിക്കുകയാണ് കോര്‍പറേഷന്‍ അധികൃതര്‍ ചെയ്യുന്നത്. രാത്രിയുടെ മറവില്‍ അവരുടെ കച്ചവട സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്യുന്ന കോര്‍പറേഷന്റെ ഹീനമായ നടപടിക്കെതിരെ ശക്തമായ സമരം ഐ. എന്‍.ടി.യു സി നടത്തുമെന്ന് ഡോ. ജോര്‍ജ് പ്‌ളാത്തോട്ടം പറഞ്ഞു. 
പയ്യാമ്പലം റോഡിലെ ഗതാഗതകുരുക്കിന് കാരണം വഴിയോര കച്ചവടക്കാരല്ല. റോഡ് കൈയ്യേറി മതില്‍ കെട്ടിയ റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകളാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ കോര്‍പറേഷന്‍ തയ്യാറായിട്ടില്ല. സമ്പന്നരുടെ അനധികൃത കൈയ്യേറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും വഴിയോരകച്ചവടക്കാര്‍ക്കു മേല്‍ കുതിര കയറുകയും ചെയ്യുന്ന നടപടിയാണ് കോര്‍പറേഷന്‍ അധികൃതര്‍ ചെയ്യുന്നത്. ഭരിക്കുന്നത് ഏതു പാര്‍ട്ടിയാണെന്ന് നോക്കിയല്ല ഐ. എന്‍.ടി.യു.സി പ്രവര്‍ത്തിക്കുന്നത്. തൊഴിലാളി ദ്രോഹം ആരുനടത്തിയാലും ശക്തമായ ചെറുത്തു നില്‍പ്പ് നേരിടേണ്ടി വരുമെന്ന് ജോര്‍ജ് പ്‌ളാത്തോട്ടം പറഞ്ഞു. ശുചിത്വത്തിന്റെ പേരില്‍  വ്യാജ പരാതികളിലാണ് കോര്‍പറേഷന്‍ നടപടിയെടുക്കുന്നത്. 2014-ല്‍ യു.പി. എ സര്‍ക്കാര്‍ വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്നതിനായി സ്ട്രീറ്റ് വേണ്ടേര്‍സെന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇതു അംഗീകരിക്കാതെയാണ് കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ തൊഴിലാളികളെ ഇല്ലാതാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ എം. പ്രഭാകരന്‍, എ.ടി നിഷാത്ത്, പി. അലി, പി.ബി സഫ്രാന്‍ എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം