നിതിൻ രാജിൻ്റെ ആത്മഹത്യ: പ്രതി ഡോക്ടർ എം കെ റാമിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി ഉത്തരവ്
കണ്ണൂർ:അഞ്ചരക്കണ്ടിയിലെ കണ്ണൂർ ദന്തല്‍ കോളജിലെ ഒന്നാം വർഷവിദ്യാർഥി പി. നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ.എം.കെ.റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി.
റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ക്ലാസ് മുറിയില്‍ വെച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് എം കെ റാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിദ്യാർഥികളോട് അധ്യാപകൻ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. നിതിൻ രാജിനെ
മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും അധ്യാപകനെതിരെ അന്ന് നടപടിയെടുത്തിരുന്നുവെങ്കില്‍ നടക്കുക മറ്റൊന്ന് ആകുമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസിൽ വരുന്നതെന്നും കോടതി പറഞ്ഞു.
അതേസമയം പ്രതിയായ ഡോ. റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 10നാണ് ദന്തൽ കോളേജ് കെട്ടിടത്തിൽ നിന്നും നിതിൻ രാജ് ചാടി മരിക്കുന്നത് സംഭവത്തിൽ അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീതനമ്പ്യാർ എന്നിവരെ പ്രതികളാക്കിയാണ് പൊലിസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഡോക്ടർ എം കെ റാം ഒളിവിലാണ് ഇയാൾക്കായി ആന്ധ്രയിലെ ചിറ്റൂരിൽ പൊലിസ് സംഘം അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. രണ്ടാം പ്രതി സംഗീത നമ്പ്യാർ തലശേരി കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. ജാതി അധിക്ഷേപം ഉൾപെടെഅതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഉന്നയിച്ചത്.
Comments
Post a Comment