പച്ചയായ മനുഷ്യരുടെ ജീവിതം പറഞ്ഞ എഴുത്തുകാരൻ; ഇന്ന് ബഷീർ ദിനം




കണ്ണൂർ:വായിക്കുന്ന ഏതൊരാൾക്കും വഴങ്ങുന്ന, മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ അടുക്കളയിലേക്കും ഹൃദയത്തിലേക്കും ഇറക്കിവെച്ച എഴുത്തുകാരൻ, മലയാളികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ മൺമറഞ്ഞിട്ട് ഇന്നേക്ക് 32 വർഷം കഴിയുന്നു.

മലയാള ഭാഷയെയും സാഹിത്യത്തെയും സാധാരണക്കാരന്റെ ഹൃദയത്തോട് ചേർത്തുവെച്ച ആ വലിയ മനുഷ്യനെ ഓർക്കാൻ വലിയ വാക്കുകളുടെയോ ആഡംബരങ്ങളുടെയോ ആവശ്യമില്ല. കാരണം, ബഷീർ എഴുതിയത് പച്ചയായ മനുഷ്യരുടെ, വിശപ്പിന്റെ, പ്രണയത്തിന്റെ, കഥകളായിരുന്നു.

‘ന്റുപ്പൂപ്പാക്കൊരാനണ്ടാർന്നു’ എന്നും ‘പാത്തുമ്മയുടെ ആട്’ എന്നും അദ്ദേഹം എഴുതിയപ്പോൾ മലയാളികൾ വായിച്ചത് സ്വന്തം വീട്ടിലെ കഥകളാണ്. ആനവാരി രാമനും, പൊൻകുരിശു തോമയും, മണ്ടൻ മുത്തപ്പയുമെല്ലാം നമ്മുടെ അയൽപക്കങ്ങളിലെവിടെയോ ജീവിക്കുന്നവരാണെന്ന് നമ്മൾ ഇപ്പോഴും വിശ്വസിക്കുന്നു. അതേ, ബഷീർ കഥകളാക്കിയത് ജീവിതത്തിൽ അദ്ദേഹം കണ്ടുമുട്ടിയ സാധാരണ മനുഷ്യരെയും അവരുടെ പച്ചയായ ജീവിതസാഹചര്യങ്ങളെക്കുറിച്ചുമായിരുന്നു.

കേവലം മനുഷ്യരുടെ കഥകൾക്കപ്പുറം, ഈ ഭൂമിയിലെ പുൽക്കൊടിക്കും പാമ്പിനും പഴുതാരയ്ക്കും വരെ ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന് ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയിലൂടെ അദ്ദേ​ഹം ലോകത്തെ പഠിപ്പിച്ചു. ‘ന്റുപ്പൂപ്പാക്കൊരാനണ്ടാർന്നു’, ‘പാത്തുമ്മയുടെ ആട്’, ‘ബാല്യകാലസഖി’, ‘മതിലുകൾ’ തുടങ്ങി അദ്ദേഹം എഴുതിയ ഓരോ വരിയിലും പ്രണയവും വിരഹവും വിശപ്പും ചിരിയും ഒരുപോലെ നിറഞ്ഞുനിന്നു. വായനക്കാരനെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാൻ സഹായിച്ച സാഹിത്യകാരൻ എന്ന് നമുക്ക് അദ്ദേഹത്തെ നിസ്സംശയം വിളിക്കാം.

ത​ന്റെ മുന്നിലൂടെ പോകുന്ന എല്ലാത്തിനേയും നല്ലപോലെ നിരീക്ഷിക്കുന്ന ആളായിരുന്നു ബഷീർ. അദ്ദേഹത്തി​ന്റെ കഥകളിലും നമുക്ക് അത് കാണാൻ സാധിക്കും.

1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലാണ് ബഷീറി​ന്റെ ജനനം. 1982-ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.

കേരളത്തിൽ എത്തിയ ​ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്ന് ഒളിച്ചോടിയ ബഷീറി​ന്റെ കഥ നാം എല്ലാവരും കേട്ടിട്ടുണ്ട്. ഇത് അദ്ദേഹത്തി​ന്റെ ജീവിതത്തിൽ വഴിത്തിരിവായി എന്നു പറയാം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഇന്ത്യയിലുടനീളം നടത്തിയ യാത്രകളും ബഷീറിലെ എഴുത്തുകാരനെ രൂപപ്പെടുത്തി. ത​ന്റെ യാത്രകൾക്കിടയിൽ തന്നെയാണ് അദ്ദേഹം അദ്ദേഹത്തി​ന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയതും. അദ്ദേഹം വിടവാങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിടുമ്പോഴും
മലയാളിയുടെ വായനാലോകത്ത് ബഷീർ ഇന്നും ഒരു സുൽത്താനായി തുടരുന്നു. തലമുറകൾ വ്യത്യാസമില്ലാതെ നാട്ടുഭാഷയുടെ സുൽത്താൻ ഇന്നും നമ്മുടെ ഉള്ളിൽ ജീവിക്കുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം