ധർമ്മേന്ദ്ര പ്രധാന്റെ രാജി മോദി സർക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടി: കെ. സുധാകരൻ എം.പി.


.

കണ്ണൂർ: എല്ലാ അഹങ്കാരത്തിന്റെയും മൂർത്തീഭാവമായി മാറിയ നരേന്ദ്ര മോദി സർക്കാരിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് കെ. സുധാകരൻ എം.പി. പറഞ്ഞു.

വിദ്യാർത്ഥികളുടെ ഭാവി തകർത്തും പരീക്ഷാ സംവിധാനത്തെ അട്ടിമറിച്ചും ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ അടിച്ചമർത്തിയും മുന്നോട്ടുപോകാമെന്ന് കരുതിയ കേന്ദ്ര സർക്കാരിന് വിദ്യാർത്ഥികളുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്. ഇത് ഒരു മന്ത്രിയുടെ രാജി മാത്രമല്ല. അധികാരത്തിന്റെ അഹങ്കാരത്തിന് ജനാധിപത്യം നൽകിയ ശക്തമായ തിരിച്ചടിയാണ്.

വിദ്യാർത്ഥികൾ ചോദ്യം ചോദിച്ചപ്പോൾ അവരെ ഭയപ്പെടുത്താമെന്നും സമരം ചെയ്താൽ അടിച്ചമർത്താമെന്നും കരുതിയവർക്ക് ഈ രാജി വ്യക്തമായ മറുപടിയാണ്. ഇത് ഭയപ്പെടുത്താവുന്ന തലമുറയല്ലെന്ന് വിദ്യാർത്ഥികൾ തെളിയിച്ചിരിക്കുകയാണ്. അവകാശങ്ങൾക്കായി പോരാടിയ വിദ്യാർത്ഥികളുടെ സമരം വിജയിച്ചിരിക്കുന്നു.

ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ നിരന്തരം കൈക്കൊള്ളുന്നത്. 
സമരത്തിനിടെ സമരാനുകൂലികൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷണം എത്തിച്ചുകൊടുത്ത സുമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷ്യവിതരണ സംവിധാനങ്ങളെ പോലും തടയാൻ മോദി സർക്കാർ എടുത്ത തീരുമാനം അത്യന്തം അപലപനീയമാണ്. ജനങ്ങളുടെ പ്രതിഷേധത്തെ ഒറ്റപ്പെടുത്താനും സമരങ്ങളെ ദുർബലപ്പെടുത്താനും ഭക്ഷണവിതരണ ശൃംഖലകളെ വരെ നിയന്ത്രണവിധേയമാക്കുന്ന ഈ നടപടി ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട സൗകര്യങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തടയുന്നത് ഭരണകൂടത്തിന്റെ അഹങ്കാരത്തിന്റെ പരമാവധി പ്രകടനമാണ്.

ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന മേഖലയെ തകർക്കുന്നതിന് മുമ്പ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് മറുപടി പറയാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ജനങ്ങളുടെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്വം. ജനങ്ങൾക്ക് തൊഴിലും സുരക്ഷിതമായ ജീവിതവും നൽകുകയാണ് സർക്കാരിന്റെ കടമ.

വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ മാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനും ജനങ്ങളുടെ ശബ്ദത്തെ ഭയപ്പെടുത്താനും ഭരണകൂടത്തിന്റെ ശക്തി ദുരുപയോഗം ചെയ്യാനും നേതൃത്വം നൽകിയ ആഭ്യന്തര മന്ത്രി അമിത് ഷായും രാജിവെച്ച് മാറണം.

അധികാരത്തിന്റെ ബലത്തിൽ ജനങ്ങളെ മുട്ടുകുത്തിക്കാമെന്ന് കരുതിയവർ ഇന്ന് ജനങ്ങൾക്ക് മുന്നിൽ തന്നെ മുട്ടുകുത്തേണ്ടിവന്നിരിക്കുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തി അധികാരത്തിൽ തുടരാമെന്ന് ആരും കരുതേണ്ട.

ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാം മനസ്സിലാക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങളിലൂടെയും ചില മാധ്യമങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളിലൂടെയും ജനങ്ങളുടെ ചിന്തയെ എന്നെന്നും വഴിതിരിച്ചുവിടാമെന്ന് ആരും കരുതേണ്ട.

മോദി സർക്കാരിന്റെ അഹങ്കാരത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ സമരവിജയം. ഇത് തുടക്കമാണ്. ഇനിയും ജനങ്ങളുടെ ശബ്ദം ഉയരും. ഇനിയും അധികാരത്തിന്റെ അഹങ്കാര കോട്ടകൾ തകരും. ജനാധിപത്യം വിജയിക്കുക തന്നെ ചെയ്യുമെന്നും കെ. സുധാകരൻ എം.പി. പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം