വാനമ്പാടി ഇന്ന് വിട പറയും: പാട്ടോർമ്മകൾ മാത്രം ബാക്കി
മൈസൂര് :ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ് ജാനകിയുടെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മൈസൂരിൽ നടക്കും. വൈകുന്നേരം കനിയനഹുണ്ട ഫാം ഹൗസിലാണ് സംസ്കാരം നടക്കുക. രാവിലെ 8.30 മുതൽ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. നിരവധി ആളുകളാണ് ഗാനകോകിലത്തെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തുന്നത്.
ഇന്നലെ രാത്രിയാണ് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എസ് ജാനകി അന്തരിച്ചത്. ദശകങ്ങളോളം ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച അവരുടെ വിയോഗം സംഗീത പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ പാടിയ എസ് ജാനകിയെ ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് വിളിക്കുന്നത്. 1957 ൽ “വിധിയിൻ വിളൈയാട്ട്” എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് ജാനകിയമ്മ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.
സോളോ, യുഗ്മഗാനം ഡ്യുയറ്റ്, കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആണ് ആ സ്വരമാധൂര്യത്തിൽ പിറന്നിരിക്കുന്നത്. ഇവ കൂടാതെ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ യഥാക്രമം കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകി കരസ്ഥമാക്കിയത്.
Comments
Post a Comment