അവന്‍ കുഞ്ഞായിരുന്നപ്പോഴാണ് അതെടുത്തത്; ജീവിതം കാത്തുവച്ച അത്ഭുതം; യമാലുമൊത്തുള്ള ഫോട്ടോയെ കുറിച്ച് മെസി
ന്യൂയോർക്ക്:ലമീന്‍ യമാലുമായുള്ള 19 വര്‍ഷം മുന്‍പേയുള്ള ഫോട്ടോയെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി. ജീവിതം കാത്തുവച്ച അത്ഭുതമെന്ന് പറഞ്ഞ മെസ്സി യമാലിനെ വാനോളം പുകഴ്ത്തി.
ആ ഫോട്ടോ അമൂല്യമാണ്. ആശ്ചര്യമുണ്ടാക്കുന്നതാണ്. അവന്‍ കുഞ്ഞായിരുന്നപ്പോഴാണ് അതെടുത്തത്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അവന്‍ തനിക്കെതിരെ പന്ത് തട്ടാനിറങ്ങുന്നത് ജീവിതം കാത്തുവച്ച പല അത്ഭുതങ്ങളിലൊന്നായി കരുതുന്നു – മെസ്സി പറഞ്ഞു.
യമാലിനെക്കുറിച്ച് വാചാലനാകുന്നുണ്ട് മെസി. ഇന്ന് പന്തുതട്ടുന്നവരില്‍ ഏറ്റവും മികച്ചവരില്‍ ഒരാളാണ് യമാല്‍. അവന് എല്ലാ വിജയാശംസകളും നേരുന്നു. അവന്റെ വിജയങ്ങള്‍ ബാഴ്‌സലോണയുടേത് കൂടിയാണ്. ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന ക്ലബ്. കരിയറില്‍ കൂടുതല്‍ മുന്നോട്ട് പോകാനും കിരീടങ്ങള്‍ നേടാനും ആകട്ടെ. എന്നാല്‍ ലോകകപ്പ് ഫൈനലില്‍ അവന്‍ ചാമ്പ്യനാവാതിരിക്കാന്‍ നോക്കുമെന്നും മെസി കൂട്ടിച്ചേര്‍ക്കുന്നു.
2007ല്‍ ബാഴ്‌സലോണയും യുണിസെഫും സംയുക്തമായി നടത്തിയ ചാരിറ്റി കലണ്ടര്‍ ഷൂട്ടിലായിരുന്നു ആ ഫോട്ടോ പകര്‍ത്തിയത്. പ്ലാസ്റ്റിക് ടബ്ബിലെ സോപ്പ് പതയില്‍ ചിരിച്ചുല്ലസിക്കുന്ന ആറ് മാസം പ്രായമുള്ള യമാലും അവനെ കൊഞ്ചിക്കുന്ന മെസ്സിയും. നാളെ അവര്‍ കാല്‍പന്തുകളിയുടെ മഹാവേദിയില്‍ മുഖാമുഖമെത്തുകയാണ്. മെസ്സി പറഞ്ഞ പോലെ ജീവിതം കാത്തുവച്ച അത്ഭുതങ്ങളിലൊന്ന്.
Comments
Post a Comment