മെല്‍ബണിലെ തുറന്ന വേദിയില്‍ മുത്തപ്പനെ കെട്ടിയാടിയത് ആചാരലംഘനം, വികലമായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് മണ്ണാന്‍,വണ്ണാന്‍ സമുദായ സംഘം ഭാരവാഹികള്‍
കണ്ണൂര്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മുത്തപ്പന്‍ ദൈവത്തെ വികലമായി കെട്ടിയാടിയത് കടുത്ത ആചാര ലംഘനവും വിശ്വാസി സമൂഹത്തോടുളള വെല്ലുവിളിയുമാണെന്ന് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഈക്കഴിഞ്ഞ ജൂലായ് പതിനൊന്നിന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിപഞ്ഞിക ഗ്രന്ഥശാലയുടെ പത്താം വാര്‍ഷികത്തിനോടനുബന്ധിച്ചാണ് ദക്ഷകം 2026- എന്ന പേരില്‍ ബോക്‌സ് ഹില്‍ ടൗണ്‍ ഹാളില്‍ മലയാളികള്‍ നെഞ്ചേറ്റുന്ന മുത്തപ്പന്‍ ദൈവത്തെ വികലമായി അവതരിപ്പിച്ചത്.ു
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് മുത്തപ്പനെ കെട്ടിയാടുന്ന കോലധികാരികളുടെയും വിശ്വാസികളുടെയും മനസിന് മുറിവേല്‍പ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടകകലാകാരനും മുന്‍ഷിയിലെ മുഖ്യകഥാപാത്രവുമായ കണ്ണപുരം സ്വദേശിയായ ബിജു ഇരിണാവും കീച്ചരി സ്വദേശിയും ആചാരപ്പെട്ട തെയ്യക്കോലധാരിയുമായ ഹരിപ്പണിക്കരും ചേര്‍ന്നാണ് മുത്തപ്പന്‍ ദൈവക്കോലത്തെ തുറന്ന വേദിയില്‍ യാതൊരു ആചാരാനുഷ്ഠാനങ്ങളും പാലിക്കാതെ തുറന്ന വേദിയില്‍ അവതരിപ്പിച്ചത്. മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണ് മുത്തപ്പനെ സാധാരണയായി കീഴ്‌വഴക്കപ്രകാരം കെട്ടിയാടാറുളളത്. ഇതരസമുദായക്കാര്‍ക്ക് ഇതിനുളള അവകാശമില്ല. മലയ സമുദായക്കാര്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ മറ്റുളളവരും കെട്ടിയാടാറില്ല. ആചാരപരമായ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണ് മെല്‍ബണില്‍ മുത്തപ്പന്‍ കെട്ടിയാടിയാത്. ഇതിനായി ഇവര്‍ ആരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ല. മുത്തപ്പന്‍ ഉള്‍പ്പെടെയുളള തെയ്യക്കോലങ്ങള്‍ക്ക് കാവുകളുടെയും മടപ്പുരകളുടെയും വിശുദ്ധമായ അന്തരീക്ഷം വേണം. തെയ്യത്തിന് ഉറയലും ഉരിയാടലുമാണ് പരമപ്രാധാന്യം. അനുഷ്ഠാന പശ്ചാത്തലത്തിലാണ് ഇതു സംഭവിക്കുന്നത്. തെയ്യത്തെ സാമ്പത്തിക ലാഭത്തിനായി തെരുവില്‍ ഇറക്കുമ്പോള്‍ അതു ജീവനില്ലാത്ത ഒരു പ്രദര്‍ശനമായി മാറുകയാണെന്ന് മണ്ണാന്‍, വണ്ണാന്‍ സമുദായ സംഘം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.വി ഉണ്ണികൃഷ്ണന്‍ പെരുവണ്ണാന്‍, മനോജ് പെരുവണ്ണാന്‍, ശശി പെരുവണ്ണാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments
Post a Comment