​രാഹുൽ ഗാന്ധിക്കെതിരായ ഡൽഹി പോലീസിന്റെ അതിക്രമത്തിലും നീറ്റ് പരീക്ഷാ തട്ടിപ്പിലും ശക്തമായ പ്രതിഷേധം: കണ്ണൂരിൽ ട്രെയിൻ തടഞ്ഞ് കെ.എസ്.യു



​കണ്ണൂർ: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പോലീസ് നടത്തുന്ന അതിക്രമങ്ങളിലും, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു.
 രാജ്യതലസ്ഥാനത്തും രാജ്യമെമ്പാടും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് കെ.എസ്.യു കണ്ണൂരിലും ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്.

​പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉദ്ഘാടനം ചെയ്തു.ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലും പോലീസിനെ ഉപയോഗിച്ച് നിഷ്ഠൂരമായി അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെങ്കിൽ, നരേന്ദ്ര മോദി സർക്കാർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. ചോദ്യപേപ്പർ ചോർച്ചയിലൂടെ നീറ്റ് പരീക്ഷ അട്ടിമറിച്ച് വിദ്യാർത്ഥികളുടെ ഭാവി വഞ്ചിച്ച കേന്ദ്ര സർക്കാരിനും, അതിനെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കൾക്ക് നേരെ പോലീസ് ഭീകരത അഴിച്ചുവിടുന്ന ഏകാധിപത്യ നിലപാടിനുമെതിരെ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും എം.സി. അതുൽ പറഞ്ഞു. 

​റെയിൽവേ ട്രാക്കിൽ ഇറങ്ങി ട്രെയിനിന് മുന്നിൽ നിന്ന് ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ റെയിൽവേ പോലീസും ലോക്കൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് നീക്കി.​സമരത്തിന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, ജില്ലാ സെക്രട്ടറി സൂരജ് പരിയാരം, മുബാസ് സി.എച്ച്,അർജുൻ ചാലാട്, പ്രകീർത്ത് മുണ്ടേരി, എ.എം. സൂര്യതേജ്, വൈഷ്ണവ് മലപ്പിലായി, ഗോകുൽ രാജ്, ആദിത്യൻ, സിനാൻ സലീം എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം