കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ എന്നിലെ അധ്യാപകനാണ് ഉയർന്നുനിൽക്കാറ്'; വിശദീകരണവുമായി ജലീൽ
മലപ്പുറം: കുട്ടികളെ പൊതുവേദിയില്‍വെച്ച് അപമാനിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍. കുട്ടികളെ കാണുമ്പോള്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ തന്നിലെ അധ്യാപകനാണ് ഉയര്‍ന്നുനില്‍ക്കാറെന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കുന്നത്. അതാണ് മണ്ണാര്‍ക്കാട്ടും നടന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ ചെവിയിൽ പിടിച്ചു
എന്നത് ശരിയാണ്. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയും ചിരിക്കുകയായിരുന്നു. കുട്ടിയുടെ മുഖം ബ്ലര്‍ ആക്കിയതുകൊണ്ട് അത് കാണുന്നില്ല എന്നുമാത്രമാണ്. താന്‍ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അത് തന്റെ രീതിയല്ലെന്നും ജലീല്‍ വിശദീകരിച്ചു.പന്ത്രണ്ടര വര്‍ഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചയാളാണ് താന്‍. 2006ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. വിദ്യാര്‍ത്ഥികളെ തൻ്റെ കഴിവിന്റെ പരമാവധി അവര്‍ക്ക് മനസിലാകും വിധം പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ നന്മയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓര്‍ക്കുന്നില്ല. എന്തെങ്കിലും തെറ്റ് പറഞ്ഞാല്‍ തമാശക്ക് ചിരിച്ച് ചെവിയില്‍ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. മറിച്ച് അനുഭവം ഉണ്ടായിട്ടുള്ള വിദ്യാര്‍ത്ഥികൾക്ക് അക്കാര്യം കമന്റായി നല്‍കാമെന്നും ജലീല്‍ പറഞ്ഞു.
മണ്ണാര്‍ക്കാട്ടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയ എംഎസ്എഫിനെതിരെയും കെ ടി ജലീല്‍ വിമര്‍ശനം ഉന്നയിച്ചു. കുട്ടികള്‍ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് നല്‍കലാണ് മുതിര്‍ന്നവരുടെ, പ്രത്യേകിച്ച് അധ്യാപകരുടെ ചുമതല. അല്ലെങ്കില്‍ അവര്‍ എത്ര വളര്‍ന്നാലും 'മയ, കുയി, പുയ, പുയു, മയു' എന്നൊക്കെയാകും പറയുകയെന്ന് ജലീല്‍ പറഞ്ഞു. ഇതൊന്നും മനസിലാകാത്തവരല്ല എംഎസ്എഫുകാര്‍. പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാര്യത്തില്‍ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീല്‍ പറഞ്ഞു. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്‌കാരം എന്ന് പറഞ്ഞാണ് ജലീല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Comments
Post a Comment