സ്റ്റെൽ മന്നൻ്റെ ആത് മകഥ അണിയറയിൽ ഒരുങ്ങുന്നു
ചെന്നൈ:ദക്ഷിണേന്ത്യൻ സിനിമയുടെ തലൈവർ എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജീവിതം ആത്മകഥാരൂപത്തിൽ ഒരുങ്ങുന്നു. മകൾ ഐശ്വര്യയാണ് താരം ആത്മകഥ എഴുതുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പങ്കുവെച്ചത്.
തലമുറകളുടെ നായകനായി ജീവിക്കുന്ന രജനീകാന്തിന്റെ ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ബെംഗളൂരുവിലെ ബസ് കണ്ടക്ടർ ജോലിചെയ്തിരുന്ന സിനിമാ മോഹിയായ യുവാവ് പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർസ്റ്റാറായി മാറിയ കഥ ചെറിയ കുട്ടികൾക്ക് പോലും കാണാപാഠമാണ്. അദ്ദേഹത്തിന്റെ ഈ ജീവിതയാത്ര ആത്മകഥയാകുമ്പോൾ ഇനിയുള്ള തലമുറയ്ക്കും അതൊരു പ്രചോദനമായിരിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്
ബാല്യം മുതലുള്ള ജീവിതത്തിൽ തുടങ്ങി, അനുഭവിച്ച പ്രയാസങ്ങളും സങ്കടങ്ങളും നേടിയ നേട്ടങ്ങളും ഉയർച്ചകളും വീഴ്ചകളും ജീവിതയാത്രയിൽ അഭിമുഖീകരിച്ച പ്രതിസന്ധികളുമെല്ലാം ആത്മകഥയിലുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ രജനിയുടെ ജീവിതകഥ സിനിമയാക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നതായി സൂചനയുണ്ട്. ഇന്ത്യൻ സിനിമാലോകം അദ്ദേഹത്തിന്റെ ആത്മകഥയ്ക്കായി കത്തിരിക്കുകയാണ്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 എന്ന ചിത്രമാണ് രജനീകന്തിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ഒക്ടോബർ 15 ന് സിനിമ ലോകത്താകമാനം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമൽഹാസൻ നിർമിച്ച് അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇനി അദ്ദേഹം അഭിനയിക്കുക. കൂടാതെ നെൽസന്റെ സംവിധാനത്തിൽ കമൽഹാസനും രജനീകാന്തും ഒന്നിക്കുന്ന കെഎച്ച് ആൻഡ് ആർകെ റീയൂണിയൻ എന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments
Post a Comment